കോഴിക്കോട്: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ അക്രമിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. ഇന്നലെ രാത്രി 9.30 ഓടെ ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡി വൺ കോച്ചിലെത്തിയ അക്രമി സഹയാത്രികരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 9 പേർക്കാണ് അക്രമത്തിൽ പൊള്ളലേറ്റത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.

അതിനിടെ സംഭവത്തിന് പിന്നാലെ റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ട്രെയിനിൽ തീ പിടിച്ചതോടെ രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയപ്പോൾ വീണ് പരിക്കേറ്റ് മരിച്ചതാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. ആസൂത്രിത ആക്രമണമാണ് നടന്നതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇയാൾക്കായി നടത്തിയ പരിശോധനയിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ ബൈക്കിൽ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൈ കാണിക്കാതെ തന്നെ ബൈക്ക് നിർത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *