ഇന്ത്യയിലെ ഏറ്റവും മോശമായ ഭാഷയേതെന്ന ചോദ്യം ഗൂഗിളിൽ തിരക്കിയവർക്ക് ഉത്തരമായി കന്നട എന്ന് നൽകിയതിൽ കർണാടകയിൽ വലിയ പ്രതിഷേധം. കർണാടക സർക്കാർ ഗൂഗിളിന് ഇക്കാര്യത്തിൽ നോട്ടീസയച്ചു.രാജ്യത്തെ ഏറ്റവും മോശം ഭാഷ ഏതാണെന്ന് സെർച്ച് ചെയ്യുമ്പോഴാണ് കന്നഡ എന്ന് ഗൂഗിൾ സെർച്ച് എൻജിൻ മറുപടി നൽകിയത്.ഇന്ത്യയിലെ മോശം ഭാഷ കന്നഡ ആണെന്ന ഗൂഗിൾ സെർച്ച് എൻജിൻ നൽകുന്ന മറുപടിയുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഒരു വെബ്സൈറ്റിനെ ഉദ്ധരിച്ചാണ് ഗൂഗിൾ ഇത്തരത്തിൽ മറുപടി നൽകിയത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷോധം ശക്തമായതോടെ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസയക്കുമെന്ന് സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി വ്യക്തമാക്കി. “2500ലധികം വർഷം പഴക്കമുള്ള കന്നഡ ഭാഷ കന്നഡികരുടെ അഭിമാനമാണ്. കന്നഡ ഭാഷയ്ക്ക് അതിൻ്റേതായ ചരിത്രമുണ്ട്”- എന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. കന്നഡ ഭാഷയെ അപകീർത്തിപ്പെടുത്തുന്ന നടപടിയിൽ ഗൂഗിൾ മാപ്പ് പറയണമെന്ന് ബിജെപി നേതാവും എംപിയുമായ പി സി മോഹൻ ആവശ്യപ്പെട്ടു.പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയ ഗൂഗിൾ ഉടൻ തന്നെ പ്രശ്നം പരിഹരിക്കുകയും ജനങ്ങളോട് മാപ്പ് ചോദിക്കുകയും ചെയ്തു. സർച്ച് ഫലം കമ്പനിയുടെ വിഷയത്തിലെ അഭിപ്രാമല്ലെന്നും ഗൂഗിൾ അറിയിച്ചു.
Kannada language has a history of its own, having come into existence as many as 2,500 years ago! It has been the pride of Kannadigas all through these two-and-a-half millennia. 1/2#Kannada
— Aravind Limbavali (@ArvindLBJP) June 3, 2021
ഗൂഗിളിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത് നിരുത്തരവാദപരമായ പെരുമാറ്റമാണെന്ന് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അഭിപ്രായപ്പെട്ടു. വിഷയത്തിൽ കൂടുതൽ നേതാക്കൾ പ്രതികരണവുമായി രംഗത്തുവന്നു. ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങൾക്കെതിരെ ട്വിറ്റർ അടക്കമുള്ള മാധ്യമങ്ങൾ എതിർപ്പ് പരസ്യമാക്കിയ നടപടി വിവാദത്തിൽ തുടരുന്നതിനിടെയാണ് ഗൂഗിളിനെതിരെ കർണാടക സർക്കാർ രംഗത്തുവരുന്നത്.
