ചരിത്ര മാറ്റവുമായി ക്‌നാനയ സഭ. ക്‌നാനയ സഭയിൽ പെട്ടൊരാൾക്ക് മറ്റ് സഭയിൽ നിന്ന് വിവാഹം കഴിക്കാനുള്ള വിലക്ക് നീക്കി കോട്ടയം അതി രൂപത. കാസര്‍ഗോഡ് കൊട്ടോടി സ്വദേശി ജസ്റ്റിന്‍ ജോണ്‍ മംഗലത്താണ് ക്‌നാനായ സഭാംഗത്വം നിലനിര്‍ത്തി സിറോ മലബാർ സഭയിലെ വിജി മോളെ വിവാഹം കഴിക്കാനൊരുങ്ങുന്നത്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. സഭയിലെ നവീകരണ പ്രസ്ഥാനമായ കെസിഎന്‍സി നടത്തിയ നിയമപോരാട്ടമാണ് സഭ മാറിയുള്ള വിവാഹത്തിന് അനുമതി നല്‍കാന്‍ ക്നാനയ സഭാ നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്.

തലശ്ശേരി അതിരൂപതയിലെ പള്ളിയില്‍ വെച്ച് ഇന്ന് ജസ്റ്റിന്റേയും വിജിമോളുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. ജസ്റ്റിന്റെ ഇടവകയായ കൊട്ടോടി സെന്റ് ആന്‍സ് പള്ളിയാണ് വിവാഹക്കുറി നല്‍കിയത്. മറ്റ് സഭയിൽ നിന്നും വിവാഹം കഴിച്ചാല്‍ രക്ത ശുദ്ധി നഷ്ടപ്പെടുമെന്നാണ് വിശ്വാസം. ഇതിനാല്‍ ഇത്തരം വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച് സഭയ്ക്ക് പുറത്തപോകണമെന്നായിരുന്നു സഭാനിയമം. ഇതിനെതിരെ കോട്ടയം അതിരൂപതാംഗമായ കിഴക്കേ നട്ടാശ്ശേരി ഇടവകാംഗം ബിജു ഉതുപ്പാണ് നിയമപോരാട്ടത്തിനിറങ്ങിയത്.

1989ലായിരുന്നു ബിജു വിവാഹതിനായത്. ദമ്പതികള്‍ ക്‌നാനായ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ വിവാഹ കുറിക്കായി സഭാധികാരികളെ സമീപിച്ചപോള്‍ രക്ത ശുദ്ധിയുടെ വാദം ഉന്നയിച്ചുകൊണ്ട് കുറി നിഷേധിക്കുകയായിരുന്നു. ബിജുവിന്റെ മുത്തശ്ശി ലാറ്റിന്‍ സമുദായക്കാരിയാണന്നും അതുകൊണ്ട് തന്നെ പിന്നീടുള്ള തലമുറയ്ക്ക് രക്ത ശുദ്ധിയില്ലെന്ന് പറഞ്ഞായിരുന്നു കുറി നിഷേധിച്ചത്. ഇതിനെതിരെ നീണ്ട പോരാട്ടമാണ് നടന്നത്. 35 വര്‍ഷത്തെ പോരാട്ടത്തില്‍ മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതി വരെ അനുകൂല വിധി പുറപ്പെടുവിച്ചിട്ടും സഭ വിവാഹത്തിന് കുറി നല്‍കിയിരുന്നില്ല. ഇത്തരത്തില്‍ വിവാഹം കഴിക്കുന്നവര്‍ സ്വയം പ്രഖ്യാപിത ഭ്രഷ്ട് നേരിട്ടിരുന്നു. സഭയിലെ ഭ്രഷ്ട് ഭയപ്പെട്ട് വിവാഹം കഴിക്കാത്തവരുമുണ്ട്. ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് കെസിഎന്‍എസ് വിജയം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *