കോഴിക്കോട് ∙ പ്രശസ്ത നടൻ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഹൃദയാഘതത്തിന് പിന്നാലെ തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. നാടകരംഗത്ത് നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്.

കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ യഥാർഥ പേര് മുഹമ്മദ് എന്നാണ്. ആദ്യം ഹാസ്യ വേഷങ്ങളിലായിരുന്നു മലയാള സിനിമയിൽ തിളങ്ങിയിരുന്നതെങ്കിലും പിന്നീട് നല്ല ക്യാരക്ടർ വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തി.

കോഴിക്കോടൻ ഭാഷാ ശൈലി ‍മനോഹരമായി അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. ഈ സംഭാഷണ ശൈലി തന്നെയായിരുന്നു അദ്ദേഹത്തെ മറ്റു നടൻമാരിൽ നിന്ന് വേറിട്ട് നിർത്തിയതും.

ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചതിനാൽ ജ്യേഷ്ഠനായിരുന്നു അദ്ദേഹത്തെ വളർത്തിയത്. സുഹ്റയാണ് ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവരാണ് മക്കൾ. കല്ലായിയിൽ മരം അളക്കലായിരുന്നു ആദ്യം ചെയ്തിരുന്ന ജോലി.

Leave a Reply

Your email address will not be published. Required fields are marked *