മാമുക്കോയയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് താരങ്ങൾ. താരത്തിന്റെ വിയോഗത്തിൽ ഉള്ളുലഞ്ഞുകൊണ്ടായിരുന്നു ഹരിശ്രീ അശോകന്റെ പ്രതികരണം. ‘ ഞങ്ങളൊത്തിരി പടങ്ങൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്. പരസ്പരം വിശേഷങ്ങൾ വിളിച്ച് ചോദിക്കുന്ന വ്യക്തിയാണ്. അവസാനമായി ഒരു പരസ്യത്തിലാണ് ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോൾ ഒരു സിനിമയുടെ കഥ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. കഥ കേൾക്കുന്നതിനാൽ അത് എടുത്തില്ല. പിന്നീടാണ് മരണവാർത്ത അറിയുന്നത്. മാമുക്കോയ ചെയ്യേണ്ട ഒരു വേഷമടങ്ങിയ കഥയാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്’- ഹരിശ്രീ അശോകൻ.

‘ഒട്ടും പ്രതീക്ഷിച്ചില്ല. എന്നെ സംബന്ധിച്ചിടത്തോളം വളരെ നല്ല നാളുകളായിരിക്കും എന്നായിരുന്നു വിഷുഫലം. പക്ഷേ വേണ്ടപ്പെട്ടവരെല്ലാം എന്നെ വിട്ടുപിരിയുകയാണ്. കോഴിക്കോട് എപ്പോൾ ചെന്നാലും വീട്ടിൽ കൂട്ടിക്കൊണ്ടുപോയി രുചികരമായ ഭക്ഷണം നൽകുമായിരുന്നു. എന്നെ കാണാതെ എറണാകുളത്ത് നിന്ന് മടങ്ങില്ലായിരുന്നു. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ച വ്യക്തിയാണ് മാമുക്കോയ. അവസാന കാലം സന്തോഷത്തോടെയാണ് അദ്ദേഹം പിരിഞ്ഞുപോയതെന്ന് ജനാർദനൻ.

‘കഥാപാത്ര ആവിഷ്‌കാരം മാത്രമല്ല എന്റെ മനസിൽ വരുന്നത്. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ കൂടിയാണ്. ഓരോ സീൻ കഴിഞ്ഞാലും ഞങ്ങൾ മാറി നിന്ന് പല സംഭവങ്ങളെ കുറിച്ചും സംസാരിക്കുമായിരുന്നു. നിരവധി കഷ്ടപ്പാടുകൾ അനുഭവിച്ചാണ് അദ്ദേഹം നാടകത്തിലെത്തിയത്. പപ്പുവിന്റെ പകരക്കാരനായാണ് ദൂരെ ദൂരെ ഒരു കൂടുകൂട്ടാൻ എന്ന സിനിമയിൽ വരുന്നത്. ശ്രീനവാസനായിരുന്നു മാമുക്കോയയെ നിർദേശിച്ചത്. അദ്ദേഹം സ്വാഭാവികമായ രീതിയിൽ ആ കഥാപാത്രം എങ്ങനെയാണ് പെരുമാറുകയെന്നാണ് കാണിച്ച് തരുന്നത്. ഡയലോഗ് കൊടുത്ത് കഴിഞ്ഞാൽ ഏറ്റവും ആദ്യം ഹൃദ്യസ്ഥമാക്കുക അദ്ദേഹമായിരിക്കും. ഏത് വിഷയത്തെ കുറിച്ചും നല്ല അറിവോടെ കൃത്യമായി നിലപാടെടുക്കാൻ സാധിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കുറിച്ച് ഇന്നുവരെ ഒരു പരാതി പോലും ആരും പറഞ്ഞിട്ടില്ല. ഗജകേസരീ യോഗം എന്ന ചിത്രത്തിൽ ആന ബ്രോക്കറായി എത്തുന്ന സീനാണ്. അതിലെ പല ഡയലോഗുകളും പെരുമാറ്റവുമെല്ലാം മാമുക്കോയ സ്വയം കൈയിൽ നിന്നിട്ട് ചെയ്തവയായിരുന്നു’- ജഗദീഷ് പറഞ്ഞു.

മാമുക്കോയ പറയുന്ന കോമഡി വേറെ ഏത് നടൻ പറഞ്ഞാലും വർക്കൗട്ടാവില്ലെന്ന് നടൻ രമേഷ് പിഷാരടി. ആ ഡയലോ​ഗുകൾ അദ്ദേഹം പറഞ്ഞാൽ മാത്രമേ നമുക്ക് ചിരി വരുകയുള്ളൂ. ഇത്രയും താളവും ടൈമിങ്ങുമുള്ള നടനെ അപൂർവമായി മാത്രമേ കാണാൻ സാധിക്കൂ. ഒരു സിനിമാ നടന് വന്നേക്കാവുന്ന യാതൊരു ശരീര ഭാഷയും ജീവിതത്തിലെ ഒരു ഘട്ടത്തിലും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ലെന്നും പിഷാരടി അനുസ്മരിച്ചു,

ഫുട്‌ബോളിനോടും ഭക്ഷണത്തോടും ഏറെ ഇഷ്ടമുള്ളയാളായിരുന്നു മാമുക്കോയ എന്ന് സായ്കുമാര്‍. ഒരു ജില്ല മുഴുവന്‍ അദ്ദേഹത്തിന് കൂട്ടുകാരായി ഉണ്ടായിരുന്നു. കോഴിക്കോട് അദ്ദേഹവുമായി ബന്ധമില്ലാത്തവര്‍ തന്നെ ഇല്ല. വലിയ നടനെന്നതിനപ്പുറം വെറും സാധാരണ മനുഷ്യനായി ജീവിച്ച വ്യക്തിയാണ് മാമുക്കോയ എന്നും സായ്കുമാര്‍ പറഞ്ഞു.

ഭക്ഷണം ഇഷ്ടമെന്ന പോലെ തന്നെ പാചകത്തിലും അദ്ദേഹം മിടുക്കനായിരുന്നു. പലപ്പോഴും രുചികരമായ വിഭവങ്ങള്‍ ലൊക്കേഷനിലേക്ക് ഉണ്ടാക്കിക്കൊണ്ടുവരുമായിരുന്നു. താരജാഡകളില്ലാതെ ലുങ്കിയും ഷര്‍ട്ടുമിട്ട് റോഡിലേക്കിറങ്ങും. അഭിനയത്തിന് പുറമേ നിരവധി കാര്യങ്ങളെ കുറിച്ച് അറിവുള്ള നടനായിരുന്നു മാമുക്കോയ എന്നും സായ്കുമാര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *