പണത്തിന് വേണ്ടി നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കേസെടുത്ത് തമ്പാനൂർ പോലീസ്. ബാലനീതി വകുപ്പ് പ്രകാരം കോടതി അനുമതിയോടെയാണ് കേസെടുത്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും കേസിൽ പ്രതി ചേർത്തു. കൂടാതെ, കുഞ്ഞിന്റെ അമ്മയെയും കേസിൽ പ്രതി ചേർക്കുമെന്ന് പോലീസ് പറഞ്ഞു.

മൂന്ന് ലക്ഷം രൂപക്കാണ് തൈക്കാട് സർക്കാർ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ വിറ്റത് . മുൻധാരണകൾ പ്രകാരമാണ് നാല് ദിവസം പ്രായമായ കുഞ്ഞിനെ പൊഴിയൂർ സ്വദേശികളായ ദമ്പതികൾ വിറ്റതെന്ന് കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഏഴാം മാസം തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന കുഞ്ഞിന്റെ ‘അമ്മ ആ സമയത്ത് തന്നെ ആശുപത്രിയിൽ നൽകിയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിനിയുടെ വിലാസമാണ്. വിൽപ്പന നിശ്ചയിച്ചതിന് ശേഷം, കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് നിഗമനം. പിന്നീട്, കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയിരുന്നു.

അതേ സമയം, കുഞ്ഞിന്റെ മാതാപിതാക്കൾക്കായി തെരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *