തിരുവനന്തപുരം: പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.ഗിരീഷ്
കുറ്റക്കാരനെന്നു കണ്ടെത്തി. ഏഴു വർഷം തടവും 1.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കേസിൽ ഗിരീഷ് കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അതിവേഗ കോടതി കണ്ടെത്തിയിരുന്നു.

ഇതേ കോടതി ഗിരീഷിനെ മറ്റൊരു കേസില്‍ ആറു വര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. നേരത്തെ മറ്റൊരു പോക്സോ കേസില്‍ ആറു വര്‍ഷം ശിക്ഷിച്ച കാര്യവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഈ കേസില്‍ ഗിരീഷ് ഇപ്പോള്‍ ജാമ്യത്തിലാണ്.

ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്‍റ് പ്രഫസറായ ഗിരീഷ് മാനസിക പ്രശ്നങ്ങള്‍ക്ക് ചികില്‍സയ്ക്കെത്തിയ കുട്ടിയെയാണ് പീഡിപ്പിച്ചത്. മണക്കാട്ട് വീടിനോടു ചേര്‍ന്ന ക്ലിനിക്കിൽ വച്ചായിരുന്നു പീഡനം. 2015 മുതല്‍ 2017 വരെ നിരവധി തവണ പീഡിപ്പിച്ചതായി കുട്ടി മൊഴി നൽകിയിരുന്നു.

പ്രതി കുട്ടിയെ അശ്ലീല ചിത്രങ്ങളും കാണിച്ചിരുന്നു. ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ഇക്കാര്യം പുറത്തു പറഞ്ഞില്ല. ലൈംഗിക പീഡനത്തിന് ഇരയായതോടെ കുട്ടിയുടെ മനോരോഗം വര്‍ധിച്ചു. 2019ല്‍ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗത്തില്‍ പ്രവേശിച്ചപ്പോഴാണ് ഡോക്ടറോടു കുട്ടി വിവരം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *