ആത്മീയ തേജസിന്റെ അത്ഭുതമായി കോഴിക്കോട് ജില്ലയിലെ കാരന്തൂരിന്റെ മണ്ണിൽ വർഷങ്ങളായി നിലകൊള്ളുന്ന ഒരിക്കലും വറ്റാത്ത നീരുറവ. ഒരുപാട് ഐതീഹ്യങ്ങൾ നിറഞ്ഞ് നിൽക്കുന്ന ഇത് കാരന്തൂർ വൃന്ദാവനം പൂതൻ കുഴി എന്ന സ്ഥലത്ത് നാടിന്റെ ഐശ്വര്യമായി നിലകൊണ്ടിട്ട് വർഷങ്ങൾ ആയി.

ദൈവിക ചൈതന്യംമുള്ള ഈ നീരുറവ പൂതൻ കുഴി സ്വദേശി ദിനേശ് 20 വർഷമായി സംരക്ഷിക്കുന്നു. തന്റെ വീട് പണിയുടെ സമയത്ത് പോലും ഈ നീരുറവയ്ക്ക് ഒരു കോട്ടവും സംഭവിക്കാതെയാണ് പണി പൂർത്തിയാക്കിയത്. തീവെയിലിൽ വറ്റാത്ത ഈ നീരുറവ കടുത്ത വരൾച്ചയിലും ജല ക്ഷാമം ഒഴിവാക്കാനുള്ളൊരു ഉപാധിയാണെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു.

ത്രീമൂര്‍ത്തികളിലെ പ്രധാനിയും സംഹാരരുദ്രനുമായ സാക്ഷാൽ പരമശിവൻ കാരന്തൂർ ചോലക്കൽ മീത്തലിൽ ഐശ്വര്യ രൂപമായി വാണിടുന്ന കാലം കുളിച്ച് കയറാൻ വേണ്ടി ഉണ്ടാക്കിയതാണ് ഈ നീരുറവയെന്ന ചരിത്രം ഓർത്തെടുക്കുകയാണ് ചോലക്കൽ മീത്തൽ സ്വദേശി ശ്രീധരൻ. കുട്ടികാലം മുതൽ ഇതിന്റെ ഐതീഹ്യം കേട്ടും കണ്ടും വളർന്ന ശ്രീധരൻ തന്റെ മുത്തച്ഛനും മുത്തശ്ശിയും പറഞ്ഞ പഴയ ഓർമകളും വാർത്തെടുത്തു.

പൂതൻ കുഴി പറങ്കികൾ പടവെട്ടി അതിവസിച്ചിരുന്ന പ്രദേശം. ജനവാസമല്ലാത്ത ചോലക്കൽ മീത്തൽ പ്രദേശത്തെ ജനവാസ യോഗ്യമാക്കാൻ വലിയ കൂറ്റൻ പനകൾ മുറിച്ചിട്ട് സഞ്ചാര യോഗ്യമാക്കിയതിൽ പറങ്കികളുടെ പങ്ക് ഏറെ വലുതാണെന്ന് അദ്ദേഹം പറയുന്നു. കേട്ട് പരിജയം മാത്രമുള്ള ഈ നീരുറവ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നതും അങ്ങനെ.

കുന്നിൻ ചെരിവുകളിലൂടെ ഒഴുകിയെത്തുന്ന ഈ നീരുറവ ജലക്ഷാമം നേരിട്ടിരുന്ന ചോലക്കൽ മീത്തൽ സ്വദേശികൾക്ക് വലിയൊരു ആശ്വാസമായിരുന്നു. എന്നാൽ മഴക്കാലമായതോടെ നീരുറവയിൽ മണ്ണ് വന്ന് അടിയുന്നത് പതിവാക്കുകയും കുടിക്കാൻ യോഗ്യമല്ലാത്ത അവസ്ഥയായതായും ശ്രീധരൻ പറയുന്നു. പക്ഷേ ഈ നീരുറവ വന്നതിന് ശേഷം നാട്ടിൽ എത്ര കടുത്ത വേനലിലും വെള്ളം കിണറുകളിലും തോടുകളിലും വറ്റുന്നത് ഇല്ലാതായി ജലക്ഷാമവും കുറഞ്ഞു. 100 വർഷത്തോളം പഴക്കമുള്ള ഈ നീരുറവ പഴമയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായി ഇന്നും നാട്ടുകാർ സംരക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *