ഷെയ്ന്‍ നിഗവുമായി സഹകരിക്കില്ലെന്ന സിനിമാസംഘടനകളുടെ തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കി ധ്യാൻ ശ്രീനിവാസൻ. ഷെയ്ൻ നിഗത്തിന്റെ പിടിവാശികൾ കാരണം സിനിമയുടെ സംവിധായകൻ
ആശുപത്രിയിലായെന്നും ഒരാളുടെ ക്രിയേറ്റീവ് ആയ കാര്യത്തിൽ നടന്മാർ ഇടപെടുമ്പോൾ ആരായാലും തളര്‍ന്നുപോകുമെന്നും ധ്യാൻ പറഞ്ഞു.

‘‘എഡിറ്റിങ് കാണണം എന്ന് ആവശ്യപ്പെട്ടാല്‍ ഇപ്പോൾ അതൊക്കെ സ്പോട്ടില്‍ത്തന്നെ കാണാന്‍ കഴിയും. ഇവിടെ പിടിവാശിയുടെ ആവശ്യമില്ല. എല്ലാവരും എഡിറ്റിങ് ഒക്കെ കാണുന്നതാണ്. എഡിറ്റ് ചെയ്തിട്ടേ മുന്നോട്ടു പോകൂ എന്ന പിടിവാശിയുടെ ആവശ്യമില്ല.

ഇത് നമ്മുടെ സിനിമയാണെന്ന ബോധ്യമാണ് ഏവർക്കും ഉണ്ടാകേണ്ടത്. ഞാന്‍ എന്ന സ്വാർഥത വിട്ട് ആ സിനിമയ്ക്കൊപ്പം നില്‍ക്കണം. അല്ലാതെ അതിന്‍റെ ടെക്നീഷ്യന്മാരെ ബുദ്ധിമുട്ടിക്കാന്‍ നില്‍ക്കരുത്. അത്തരം ഒരു അവസ്ഥയില്‍ സംവിധായകൻ വരെ എന്ത് ചെയ്യണമെന്നോർത്ത് വിഷമിക്കും. അവരുടെ ക്രിയേറ്റീവ് കാര്യത്തില്‍ നടന്മാര്‍ കയറി ഇടപെടുമ്പോള്‍ ശരിക്കും തളര്‍ന്ന് പോകും. കാരണം ഞാനും ഒരു സംവിധായകനാണ്.

ഷെയ്നിന്റെ സിനിമയുടെ സംവിധായകന്‍ അഞ്ചാറ് ദിവസം ആശുപത്രിയിലായി എന്ന് കേട്ടു. എത്രയോ സ്വപ്നവുമായി എത്തുന്ന ഒരു സംവിധായകനെ അത്തരം ഒരു മാനസികാവസ്ഥയില്‍ എത്തിക്കുക എന്നത് എന്തൊരു മോശം കാര്യമാണ്. സോഫിയ പോളിന്‍റെ പ്രൊഡക്‌ഷന്‍ കമ്പനി വലിയ സിനിമകള്‍ ചെയ്തിട്ടുള്ളവരാണ്. അവര്‍ ഇതുവരെ ആര്‍ക്കെതിരെയും ഇത്തരം പരാതി ഉയര്‍ത്തിയിട്ടില്ല. ഇത്തരം ഒരു പരാതി വരണമെങ്കില്‍ അത് ജെനുവിന്‍ ആയിരിക്കണമെന്നും ധ്യാൻ വ്യക്തമാക്കി. അതേസമയം ഇത്തരം സംഭവങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ സാധിക്കില്ല.’’ ധ്യാന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *