ഇംഫാൽ: മെയ്തി വിഭാഗങ്ങൾക്ക് പട്ടികവർഗ പദവി നൽകുന്നതിനെതിരായ പ്രതിഷേധം വ്യാപക സംഘർഷങ്ങൾക്ക് ഇടയാക്കിയതോടെ മണിപ്പൂരിൽ കനത്ത ജാഗ്രത. സംഘർഷം ഉണ്ടായ മേഖലകളിൽ കരസേനയും അസം റൈഫിൾസും ഫ്ലാഗ് മാർച്ച് നടത്തി.
പരമാവധി പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനാണ് സൈന്യത്തിനു ലഭിച്ച നിർദേശം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബീരേൻ സിങ്ങുമായി സംസാരിച്ചു.
ഇംഫാൽ, ഛുർച്ചന്ദ്പുർ, കാങ്പോക്പി എന്നിവിടങ്ങളിൽ കഴിഞ്ഞ രാത്രി സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് എട്ടു ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസത്തേക്ക് മൊബൈൽ ഇൻ്റർനെറ്റ് സേവനം റദ്ദാക്കി. പ്രത്യേക വിമാനത്തിൽ ദ്രുതകർമ്മസേനയെയും മണിപ്പൂരിൽ എത്തിക്കും. എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂവെന്ന് ബോക്സിങ് ഇതിഹാസം മേരി കോം ട്വീറ്റ് ചെയ്തു.
