തൃശൂർ ∙ കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ നഗ്നതാ പ്രദർശനവും ലൈംഗിക അതിക്രമവും നടത്തിയത് ചോദ്യം ചെയ്യുന്ന വിഡിയോ മലയാളി സമൂഹം ശരിയായ അർഥത്തിൽത്തന്നെ ഉൾക്കൊണ്ടതിൽ വളരെ സന്തോഷമുണ്ടെന്ന് നന്ദിത ശങ്കര (23)പറഞ്ഞു. തന്റെ പേര് മാധ്യമങ്ങളിൽ വരുന്നതിനെ ഭയക്കുന്നില്ലെന്നും നന്ദിത വ്യക്തമാക്കി.

അഭിനേത്രിയായ നന്ദിത തൃശൂരിൽനിന്ന് ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ ബസിൽ എറണാകുളത്തേക്കു പോകുമ്പോഴാണ് യുവാവിൽനിന്ന് മോശം പെരുമാറ്റം നേരിട്ടത്. സംഭവത്തിൽ സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികന്‍റെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്ന് യുവനടി തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ സംഭവം. അങ്കമാലിയിൽ നിന്നുമാണ് യുവാവ് ബസിൽ കയറുന്നത്. തന്‍റെ അടുത്തായി വന്നിരുന്നു, അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസിൽ കയറിയതു മുതൽ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാൻ തുടങ്ങി.

കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വിഡിയോ എടുത്ത് ചോദ്യം ചെയ്തുവെന്ന് യുവതി പറയുന്നു.

പ്രതികരണത്തിൽ പകച്ച യുവാവ് താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് സീറ്റിൽ നിന്നും എഴുന്നേറ്റു. താൻ സീറ്റിൽ നിന്നെഴുന്നേറ്റ് ഒച്ച വച്ചപ്പോൾ ഇയാൾ ബസിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിച്ചു. ഇതോടെ കെഎസ്ആർടിസി ബസിലെ കണ്ടക്ടർ തനിക്ക് പിന്തുണയുമായി വന്നുവെന്ന് യുവതി പറയുന്നു. ബസ് നിർത്തേണ്ടെന്നും വാതിൽ തുറക്കരുതെന്നും ഡ്രൈവറോട് പറഞ്ഞു.

ഇതിനിടെ യുവതി പറഞ്ഞത് സത്യമാണെന്ന് കണ്ടതോടെ യാത്രക്കാരും പിന്തുണയുമായെത്തി. ഇതിനിടെ ബസ് നിർത്തിയതോടെ യുവാവ് ചാടി പുറത്തിറങ്ങി, കൂടെ ഇറങ്ങി കണ്ടക്ടർ ഇയാളെ പിടിച്ചുവെച്ചു. ബലംപിടുത്തത്തിലൂടെ കണ്ടക്ടറെ തള്ളിമാറ്റി യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും യുവതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *