കമ്പം: തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയതിനുശേഷം പുളിമരത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന അരിക്കൊമ്പൻ തിരിച്ചിറങ്ങിയാതായി റിപ്പോർട്ട്. നിലവിൽ ജനവാസ മേഖലയ്ക്കു സമീപം കൃഷിത്തോട്ടത്തിലാണ് അരീക്കൊമ്പൻ എന്നാണ് വിവരം.
അരീക്കൊമ്പന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനു പ്രദേശത്ത് രണ്ടു യുവാക്കൾ ചേർന്ന് ഡ്രോൺ പറത്തിയതിനെ തുടർന്നാണ് ആന പുളിമരത്തോട്ടത്തിൽ നിന്ന് പുറത്തിറങ്ങിയതെന്നാണ് റിപ്പോർട്ട്. യൂട്യൂബ് ചാനൽ നടത്തുന്ന ഇവരിൽ ഒരാളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.
പുളിമരത്തോട്ടത്തിൽവച്ച് മയക്കുവെടിവച്ച് ആരിക്കൊമ്പനെ പിടികൂടാനായിരുന്നു തമിഴ്നാട് വനംവകുപ്പിന്റെ പദ്ധതി. ഇതാണ് പാളിയത്. അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടാൻ തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയിരുന്നു.
അതേസമയം ആനയെ മേഘമല കടുവാസങ്കേതത്തിനുള്ളിൽ വിടാനാണ് ഉത്തരവ്. ദൗത്യത്തിനായി ആനമലയിൽനിന്നു മൂന്നു കുങ്കിയാനകളെ എത്തിക്കും. കമ്പം മേഖലയിൽ അതീവജാഗ്രത നിർദേശമുണ്ട്. കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതു ലംഘിച്ച 20 പേർക്കെതിരെ കേസെടുത്തു. ജനം പുറത്തിറങ്ങരുതെന്നു നിർദേശം നൽകി. കമ്പംമേട്ട് റൂട്ടിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
