എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്കെതിരെ ഉയര്‍ന്ന മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിലെ കരങ്ങൾ സ്വന്തം പാളയത്തിൽ നിന്നുള്ളവരുടേത് തന്നെയെന്ന് ആരോപണം.
ഗുഢാലോചന നടത്തിയെന്ന് ആര്‍ഷോ ആരോപിക്കുന്ന അധ്യാപകന് ഇടതുപക്ഷ സംഘടനാ നേതാവാണ്. ഇക്കാര്യത്തില്‍ തന്റെ ഭാഗം വിശദീകരിച്ചും ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ചൂണ്ടിക്കാട്ടിയും സിപിഎം സംസ്ഥാന നേതൃത്വത്തെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്ന് ആർഷോ വ്യക്തമാക്കി.
ഡിപ്പാര്‍ട്ട്മെന്റ് കോര്‍ഡിനേറ്ററായിരുന്ന അധ്യാപകനെതിരെയാണ് ആര്‍ഷോ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ അധ്യാപകനെതിരെ നല്കിയ പരാതികളും ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ഡിപ്പാര്‍ട്ട്മെന്റ് കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്ന് നീക്കംചെയ്തതും തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്നാണ് ആര്‍ഷോ ആരോപിക്കുന്നു.
ആഷോയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം മാര്‍ക്ക് ലിസ്റ്റില്‍ വന്ന സാങ്കേതിക പിഴവാണെന്നാണ് കോളേജ് അധികൃതര്‍ വിശദീകരിച്ചതെങ്കിലും അത് തള്ളിക്കളയുകയാണ് ആര്‍ഷോയും സിപിഎമ്മും. പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കുകയുണ്ടായി.
