തിരുവനന്തപുരം: കാലവര്‍ഷം കേരളത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയേക്കാള്‍ ഒരാഴ്ച കഴിഞ്ഞാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യന്‍ വന്‍കരയിലെത്തിയതെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജൂണ്‍ 8 ന് ശേഷം മണ്‍സൂണ്‍ എത്തുന്നത്.

ബിപോര്‍ജോയ് ചുഴലിക്കാറ്റ് മണ്‍സൂണിന്റെ തീവ്രതയെ സ്വാധീനിക്കുന്നുണ്ടെന്നും കേരളത്തില്‍ മണ്‍സൂണിന്റെ തുടക്കം മിതമായ നിലയിലയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ നേരത്തെ അറിയിച്ചിരുന്നു.

തെക്കന്‍ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലും മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപ് പ്രദേശം മുഴുവനായും കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും തെക്കന്‍ തമിഴ്നാടിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും, ഇന്ത്യന്‍ മഹാസമുദ്രം, മാന്നാര്‍ ഉള്‍ക്കടലിലും മറ്റു ചില ഭാഗങ്ങളിലും കാലവര്‍ഷം മുന്നേറി. തെക്കുപടിഞ്ഞാറ്, മധ്യ, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി.

അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങള്‍, കേരളത്തിന്റെ ബാക്കി ഭാഗങ്ങള്‍, തമിഴ്നാടിന്റെ ചില ഭാഗങ്ങള്‍, കര്‍ണാടകയുടെ ചില ഭാഗങ്ങള്‍, തെക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍, മധ്യ, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലേക്ക് കൂടുതല്‍ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി/മിന്നല്‍/കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 8 മുതല്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് തുടര്‍ന്നുള്ള 3 ദിവസം വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *