ബെംഗളുരു ചിക്പേട്ടിലുള്ള ചോർബസാർ മാർക്കറ്റിൽ വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം. പെദ്രോ മോത എന്ന ഡച്ച് സ്വദേശി ചോർ ബസാറിലൂടെ മൊബൈലുമായി ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കച്ചവടക്കാരിൽ ഒരാൾ പെദ്രോയെ കയ്യേറ്റം ചെയ്തത്. പ്രകോപനങ്ങൾ ഒന്നും കൂടാതെ കയ്യേറ്റം ചെയ്ത കച്ചവടക്കാരൻ പെദ്രോയുടെ കൈ പിടിച്ച് വലിക്കുകയും മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സഹിതമാണ് പെദ്രോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാഡ്ലി റോവര്‍ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ വ്ലോഗറാണ് ഞായറാഴ്ച ആക്രമിക്കപ്പെട്ടത്. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ഞായറാഴ്ച മാര്‍ക്കറ്റ് എന്ന പേരിലും ചോർബസാർ പ്രസിദ്ധമാണ്. സംഭവത്തില്‍ നടപടയെടുക്കുമെന്ന് ബെംഗളുരു പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറില്‍ വിദേശ വനിതാ യുട്യൂബര്‍ക്ക് നേരെ മുംബൈയില്‍ ആക്രമണമുണ്ടായിരുന്നു. മുംബൈയിലെ തെരുവില്‍ വെച്ച് ദക്ഷിണ കൊറിയയില്‍ നിന്നുള്ള യൂട്യൂബറായ മ്യോചി എന്ന യുവതിക്ക് നേരെ അതിക്രമം നടന്നത്.

രാത്രി എട്ടുമണിയോടെ തെരുവില്‍ നിന്നും വീഡിയോ ലൈവായി എടുത്തുകൊണ്ടിരിക്കെ ഒരു യുവാവ് മ്യോചിയുടെ കൈയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. മുംബൈയിലെ സബേര്‍ബന്‍ ഖാന്‍ മേഖലയിലെ തെരുവിലാണ് സംഭവം നടന്നത്. ആയിരത്തിലേറെ പേര്‍ യുവതിയുടെ വീഡിയോ ലൈവായി കണ്ടുകൊണ്ടിരിക്കെയാണ് അതിക്രമം നടന്നത്. തെരുവില്‍ നിന്നും യുവതി വീഡിയോ എടുത്തുകൊണ്ടിരിക്കെ ഒരു യുവാവ് അടുത്തുവന്ന് ലിഫ്റ്റ് തരാമെന്ന് പറഞ്ഞു. മ്യോചി ഇത് നിരസിച്ചതോടെ കൈയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. പ്രതിഷേധിച്ച് യുവതി മാറിപ്പോകുന്നതും യുവാവ് വിടാതെ പിന്നാലെ കൂടി കൈയ്യില്‍ കയറി പിടിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *