കൊച്ചി: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ടത്തിൽ എസ്എഫ്ഐ നേതാവ് എ.വിശാഖിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി. അറസ്റ്റ് തടയണമെന്ന വിശാഖിന്റെ ആവശ്യം അംഗീകരിക്കാതെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ബുധനാഴ്ചയിലേക്ക് മാറ്റി. ആൾമാറാട്ടം നടത്തിയതിൽ കോളജ് പ്രിൻസിപ്പലാണ് ഉത്തരവാദിയെന്ന് വിശാഖ് ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ വിശാഖിന്റെ പേരെഴുതിവച്ചിട്ട് പ്രിൻസിപ്പലിന് എന്തു കാര്യമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആരാഞ്ഞു.
ആൾമാറാട്ടകേസിൽ കോളജ് പ്രിൻസിപ്പൽ ഡോ.ജി.ജെ.ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും ആൾമാറാട്ടം നടത്തിയ എസ്എഫ്ഐ നേതാവ് എ.വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തിരുന്നത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, കേരള സർവകലാശാലയെ തെറ്റിധരിപ്പിക്കൽ എന്നിവയിലാണ് കേസ്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെൺകുട്ടിക്കു പകരം എ.വിശാഖിന്റെ പേരു ചേർത്ത് കേരള സർവകലാശാലയ്ക്ക്ു പട്ടിക നൽകുകയായിരുന്നു.
