ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞയാഴ്ച വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ ഹൃദ്യം പദ്ധതി വഴി ഹൃദയ ശസ്ത്രക്രിയ നടത്താന്‍ കൂടുതല്‍ ആശുപത്രികളില്‍ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താനാകും. 9 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ കൂടുതല്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കുന്നതാണ്.

നവജാത ശിശുക്കള്‍ മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് ഹൃദ്യം പദ്ധതിയിലൂടെ സൗജന്യ ഹൃദയ ശസ്ത്രക്രിയയും ചികിത്സയും തുടര്‍ പരിചരണവും നടത്താനാകും. ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പോലും പ്രസവം മുതലുള്ള തുടര്‍ ചികിത്സകള്‍ ഹൃദ്യം പദ്ധതിയിലൂടെ സൗജന്യമായി ലഭ്യമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *