ന്യൂയോർക്ക് ∙ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോകുന്നതിനിടെ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ടൈറ്റന്റെ അന്തർഭാഗത്തെ കുറിച്ചും സംഘത്തിനു നൽകുന്ന പരിശീലനത്തെ കുറിച്ചുമുള്ള വിവരങ്ങൾ പുറത്തു വന്നു.

സമുദ്രാന്തർഭാഗത്തേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന തണുപ്പിനെ പ്രതിരോധിക്കുന്നതിനായി ചൂട് നിലനിർത്തുന്ന ഭിത്തി, ടോയ്‌ലറ്റ് സൗകര്യം, വിഡിയോ ഗെയിം കൺട്രോളർ എന്നിവ ടൈറ്റനിലുണ്ട്. ഗെയിം കൺട്രോളർ വഴിയാണ് ടൈറ്റന്റെ പ്രവർത്തനം.

അഞ്ച് യാത്രക്കാരുമായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ ടൈറ്റൻ രണ്ടു മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാവുകയായിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്നതിനു മുൻപുതന്നെ പേടകത്തിനകത്ത് ഇവരെ പൂട്ടിയിട്ടിരുന്നു.

17 പൂട്ടുകൾ ഉപയോഗിച്ചാണ് പൂട്ടുന്നത്. ഒരുകാരണവശാലും പേടകം അകത്തുനിന്ന് തുറക്കാൻ സാധിക്കില്ല. എന്നാൽ ഈ യാത്രയിൽ പ്രതിസന്ധികൾക്കു സാധ്യതയുണ്ടെന്ന് ടൈറ്റന്റെ പ്രമോഷനൽ വിഡിയോയിൽ ഓഷൻ‌ഗേറ്റ് സോഫ്റ്റ്‌വെയർ സുരക്ഷാ വിദഗ്ധനായ ആരോൺ ന്യൂമാൻ മുന്നറിയിപ്പു നൽകിയിരുന്നു. ‘ഇത് ഡിസ്നിയിലേക്കുള്ള യാത്രയല്ലെന്ന് നിങ്ങൾക്കറിയാം. വലിയ വെല്ലുവിളികൾ ഈ യാത്രയുടെ ഭാഗമാണ്.’– അദ്ദേഹം പറഞ്ഞു.

ലോകത്തിൽ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമാണ് ടൈറ്റൻ. മറൈൻ കമ്പനിയായ ഓഷൻഗേറ്റ് എക്സിപിഡിഷൻസിന്റെ ഉടമസ്ഥതയിലാണ് ടൈറ്റൻ സമുദ്രപേടകം. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാമെന്നതാണ് ഈ സമുദ്രപര്യവേഷണത്തിന്റെ പ്രധാന ആകർഷണം.

2015ലാണ് ഓഷൻഗേറ്റ് ആദ്യമായി ‘സൈക്ലോപ്സ്’ എന്ന സമുദ്രപേടകം പരീക്ഷിച്ചത്. തുടർന്നാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി വിനോദ സഞ്ചാരികൾക്കു അവസരം നൽകാൻ ടൈറ്റൻ നിർമിച്ചത്. സാധാരണ മനുഷ്യന് കാണാൻ കഴിയാത്ത സമുദ്രാന്തർഭാഗത്തെ വിസ്മയം നിങ്ങൾക്കു കാണാനുള്ള അവസരം ടൈറ്റൻ ഒരുക്കുമെന്നാണ് ഈ യാത്രയെ കുറിച്ച് ഓഷൻഗേറ്റിന്റെ അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *