യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി അതുൽ സത്യൻ പിടിയിൽ. റാന്നി പുതുശേരി മനയിലെ ആളൊഴിഞ്ഞ വീട്ടിൽനിന്നാണ് പോലീസ് അതുലിനെ കസ്റ്റഡിയിലെടുത്തത്. കീക്കൊഴൂർ പുള്ളിക്കാട്ടിൽപടി മലർവാടി ജംക്‌ഷനു സമീപം ഇരട്ടത്തലപനയ്ക്കൽ രജിതമോൾ (27) ആണ് വെട്ടേറ്റു മരിച്ചത്. അഞ്ചു വർഷത്തോളമായി അതുലിനൊപ്പം താമസിച്ചിരുന്ന രജിത അടുത്തിടെയായി പിണങ്ങി സ്വന്തം വീട്ടിലാണു താമസിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് ആക്രമണത്തിനു കാരണമെന്നാണു വിവരം.

ആക്രമണം തടയുന്നതിനിടെ വെട്ടേറ്റ രാജിതയുടെ അച്ഛനും അമ്മയും സഹോദരിയും ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രജിത ആശുപത്രിയിൽ എത്തുമ്പോളേക്കും മരണപ്പെട്ടിരുന്നു.

രജിതയെ ആക്രമിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സംഘർഷത്തിൽ അതുലിനും സാരമായ പരുക്കേറ്റിട്ടുണ്ട്. പുതുശേരി മനയിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ ആംബുലൻസിൽ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരുക്ക് ഗുരുതരമാണെന്ന് വ്യക്തമായതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാകും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിൽ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *