റിയാദില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടിച്ചെടുത്തു . സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

റിയാദില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ ഇരിട്ടി സ്വദേശി മുഹമ്മദ് അസ്ലം (40) ആണ് 927 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.

സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ പാക് ചെയ്ത് 3 കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു 55 ലക്ഷം വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

ഇന്ന് രാവിലെ 8 മണിക്ക് റിയാദില്‍ നിന്നെത്തിയ ഫ്ലൈനാസ് (XY 327) വിമാനത്തിലാണ് ഇയാള്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9 മണിക്ക് വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ അസ്ലമിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ശേഷം തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും താന്‍ ഗോള്‍ഡ് കാരിയര്‍ ആണെന്ന കാര്യം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോള്‍ വയറിനകത്ത് 3 കാപ്സ്യൂളുകള്‍ കാണപ്പെട്ടു. 927 ഗ്രാം ഭാരമുണ്ടായിരുന്നു 3 കാപ്സ്യൂളുകള്‍ക്ക്.

പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 24-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.

Leave a Reply

Your email address will not be published. Required fields are marked *