പാലക്കാട് ഭാര്യയെ പത്തു വര്‍ഷം ഭര്‍തൃവീട്ടില്‍ ഒളിവില്‍ താമസിച്ച നടപടിയില്‍ സാങ്കേതികമായി ദുരൂഹതയുണ്ടെന്ന് വനിതാ കമ്മീഷന്‍. സജിതയെ പാര്‍പ്പിച്ചിരുന്ന വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

സജിതയുമായും റഹ്മാനുമായും വിശദമായി സംസാരിച്ചു. ഇവര്‍ താമസിച്ചിരുന്ന വീട് സന്ദര്‍ശിക്കുകയും ചെയ്‌തെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.

സാധാരണ മനുഷ്യര്‍ക്ക് പോലും വിശ്വസിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അസാധാരണ സംഭവമാണിത്. കേരളത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. തേനും പാലും നല്‍കി ഒരു പക്ഷിയെ കൂട്ടിലിട്ടാലും അത് ബന്ധനം തന്നെയാണെന്നും ഇത് അവിശ്വസനീയമാണെന്നും അധ്യക്ഷ എംസി ജോസഫൈന്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യസമര കാലത്തേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ എന്ന് ഒരു കവി പാടി. അത് രാജ്യത്തിന്റെ സ്വാതന്ത്യത്തെ കുറിച്ചാണ്. രാജ്യത്തെ ഒരു സ്ത്രീയായിട്ടാണ് സങ്കല്‍പ്പിച്ചത്. തേനും പാലും നല്‍കി ഒരു പക്ഷിയെ കൂട്ടിലിട്ടാലും അത് ബന്ധനം തന്നെയാണ്. അത്ര ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. ഒരു സാധാരണ മനുഷ്യന് വിശ്വസിക്കാന്‍ കഴിയാത്ത വിധത്തിലുള്ള അസാധാരണ സംഭവമാണ്. ഇത്തരത്തില്‍ ഒരു സ്ത്രീയെ പത്ത് വര്‍ഷക്കാലം യഥാര്‍ത്ഥത്തില്‍ ബന്ധനത്തിലാക്കുകയായിരുന്നു. സന്തുഷ്ടമായ ദാമ്പത്യജിവിതമായിക്കാം. അത് തന്നെയാണ് അവര്‍ ആവര്‍ത്തിക്കുന്നത്. ഇനിയുള്ള ജീവിതവും ഇരുവരും സന്തുഷ്ടിയോടെ കൊണ്ട് പോകണമെന്നാണ് വനിതാ കമ്മീഷന്റേയും ആഗ്രഹം. അതിന് എല്ലാവരുടേയും പിന്തുണ വേണം. എങ്കില്‍ പോലും ഇതില്‍ അവിശ്വസനീയമായ സാഹചര്യങ്ങള്‍ ഉണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. വീട് പരിശോധിച്ചു. മുറികള്‍ കണ്ടു. ഒരു സാധാരണ വീട്ടിലെ കുളുമുറിയുടെ വലിപ്പം പോലും അതിന് ഇല്ല. ഇത്തരമൊരു സാഹചര്യത്തില്‍ പത്ത് വര്‍ഷം ഒരു യുവതിയെ സന്തുഷ്ടിയോടെ താമസിപ്പിച്ചുവെന്ന് പറയുന്നതില്‍ അവിശ്വസനീയത ഉണ്ട്. ഇതൊരു സാങ്കേതിക പ്രശ്‌നമാണ്. അത് പൊലീസ് അന്വേഷിക്കണം എംസി ജോസഫൈന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *