കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. പല ഇടങ്ങളിലും സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 700 ഓളം ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ (എസ്ഇസി) ഉത്തരവിട്ടു. തിങ്കളാഴ്ച കേന്ദ്രസേനയുടെ സാന്നിധ്യത്തില്‍ റീപോളിംഗ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ സിന്‍ഹ പറഞ്ഞു.

ഗവര്‍ണര്‍ സി വി ആനന്ദ ബോസ് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ടു, അവിടെ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് അക്രമത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്ന് രാവിലെ ഗവര്‍ണര്‍ അമിത് ഷായെ കാണുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മുര്‍ഷിദാബാദ് ജില്ലയില്‍ 175 ബൂത്തുകളില്‍ റീപോളിംഗ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്.

മാള്‍ഡ (110 ബൂത്തുകള്‍) നാദിയ (89); കൂച്ച് ബെഹാര്‍ (53); നോര്‍ത്ത് 24 പര്‍ഗാനാസ് (46); നോര്‍ത്ത് ദിനാജ്പൂര്‍ (42); സൗത്ത് 24 പര്‍ഗാനാസ് (36); ഈസ്റ്റ് മിഡ്‌നാപൂര്‍ (31); ഹൂഗ്ലി (29); സൗത്ത് ദിനാജ്പൂര്‍ (18); ബിര്‍ഭും ജല്‍പൈഗുരിയും (14 വീതം); വെസ്റ്റ് മിഡ്നാപൂര്‍ (10); ഹൗറയും ബാങ്കുരയും (8 വീതം); വെസ്റ്റ് ബര്‍ദ്വാന്‍ (6); പുരുലിയ (4); ഈസ്റ്റ് ബര്‍ദ്വാന്‍ (3); അലിപുര്‍ദുവാറും (1). എന്നിവയാണ് റീപോളിംഗ് ഉത്തരവിട്ട മറ്റ് ജില്ലകള്‍; സംസ്ഥാനത്ത് ആകെയുള്ള 61,636 പോളിംഗ് ബൂത്തുകളില്‍ 1 ശതമാനത്തിലധികം റീപോളിംഗ് നടക്കുന്ന ബൂത്തുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *