കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്കു നേരെയുണ്ടായ അക്രമത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കേസില്‍ കോട്ടയം എസ്പിയും കുമരകം സിഐയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
കേസില്‍ വിശദാംശം ആരാഞ്ഞപ്പോഴായിരുന്നു. കോടതിയുടെ വിമര്‍ശനം. കോട്ടയം എസ്പിയും സ്റ്റേഷന് ഹൗസ് ഓഫീസറും ഇന്ന് നേരിട്ട് ഹാജരായിരുന്നു.സംഭവം നടക്കുമ്പോള്‍ എത്ര പൊലീസുകാര്‍ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു.പൊലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി നിരീക്ഷിച്ചു.
കോടതിക്ക് മുന്നിലും ലേബര്‍ ഓഫിസര്‍ക്ക് മുന്നിലും തോറ്റാല്‍ എല്ലാ ട്രേഡ് യുണിയനുകളും ഇതാണ് ചെയ്യുക.അത് അറിയുന്നത് കൊണ്ടാണ് പൊലീസ് സംരക്ഷണം നല്കാന് ഉത്തരവിട്ടതെന്നു കോടതി വ്യക്തമാക്കി. എന്നാല്‍ സിഐടിയുവിന്റെ ആക്രമണം പെട്ടെന്നായിരുന്നുവെന്ന്
പൊലീസ് പറഞ്ഞു.
എന്നാല്‍ അവിടെ നടന്നത് നാടകമല്ലേ എന്നാണ് കോടതി ചോദിച്ചത്. ഒന്നു തല്ലിക്കോ എന്ന സമീപനം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായി എന്ന് കോടതി വിമര്‍ശിച്ചു. അക്രമം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം ഉണ്ടായോ എന്ന് പൊലീസിനോട് കോടതി ചോദിച്ചു
അടികിട്ടിയത് ബസ് ഉടമയ്ക്ക് ആണെങ്കിലും അടിയേറ്റത് കോടതിയുടെ മുഖത്തല്ലേ എന്നും കോടതി ചോദിച്ചു. കേസില്‍ കുമരകം എസ്എച്ചഒയും ഡിവൈഎസ്പിയും സത്യവാങ്മൂലം നല്‍കണം.കേസ് 18 നു വീണ്ടും പരിഗണിക്കും.
ബസുടമ രാജ്മോഹന്‍ കൈമളിന്റെ നാലു ബസുകള്‍ക്കും സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ സിഐടിയു നേതാക്കള്‍ സമ്മതിച്ചില്ലെന്ന് ഹര്ജിക്കാരന് ബോധിപ്പിച്ചു.സര്‍വീസ് നടത്താന്‍ എത്തിയ ഉടമയെയും തൊഴിലാളികളേയും സിഐടിയു നേതാക്കള്‍ തടഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.
