കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യ മഹാരാജാസ് കോളജിന്റെ പേരില്‍ തയാറാക്കിയ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്തു. പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് അഗളി പൊലീസ് പ്രിന്റ് കണ്ടെത്തിയത്. വിദ്യയുടെ ഫോണിലെ ഇ-മെയിലുകള്‍ വീണ്ടെടുത്തതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ കഫേയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഫോണിലൂടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്ന് വിദ്യ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

ഒരു വര്‍ഷം മുന്‍പ് പൂട്ടിയ കഫേയില്‍ നിന്നാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഫേ ഉടമയെ വിളിച്ചുവരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് സര്‍ട്ടിഫിക്കറ്റ് പ്രിന്റെടുത്തത് ഇതേ കഫെയില്‍ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഗവേഷണ സാമഗ്രികളുടെ കോപ്പി, ബൈന്‍ഡിങ് എന്നിവ വിദ്യ പ്രധാനമായും ഇവിടെ നിന്നാണു ചെയ്തതെന്നു പൊലീസ് പറഞ്ഞു.

അട്ടപ്പാടി ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ അഭിമുഖത്തില്‍ ഹാജരാക്കാനാണ് വിദ്യ വ്യാജസര്‍ട്ടിഫിക്കറ്റ് തയാറാക്കിയത്. അഭിമുഖം നടത്തിയ അധ്യാപിക ഫോണ്‍ വഴി സംശയമുന്നയിച്ചതിനെ തുടര്‍ന്നു മടക്കയാത്രയില്‍ അട്ടപ്പാടി ചുരത്തില്‍ വച്ചു സര്‍ട്ടിഫിക്കറ്റ് കീറിയെറിഞ്ഞുവെന്നു വിദ്യ പൊലീസിനോട് പറഞ്ഞത്. മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്നായിരുന്നു വിദ്യയ്‌ക്കെതിരായ കേസ്. സംശയ നിവാരണത്തിന് അട്ടപ്പാടി കോളജ് അധികൃതര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നു മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *