ദോഹയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 56 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കാരനെയും സ്വര്‍ണ്ണം സ്വികരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ രണ്ടുപേരേയും പോലിസ് അറസ്റ്റ് ചെയ്തു.

ദോഹയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം തൂത സ്വദേശി മുഹമ്മദ് അഷ്റഫ് (42) ആണ് 946 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.
സ്വര്‍ണ്ണം വളരെ നേര്‍ത്ത പൊടിയാക്കിയ ശേഷം 4 കാപ്സ്യൂളുകള്‍ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു 56 ലക്ഷം വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

ഇന്നലെ വൈകുന്നേരം 7.30 മണിക്ക് ദോഹയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് (IX 374) വിമാനത്തിലാണ് ഇയാള്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.45 മണിക്ക് വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ അഷ്റഫിനെ അറൈവല്‍ ഗേറ്റില്‍ കാത്തുനിന്ന വടകര സ്വദേശികളായ ഷഫീഖ് (26). അന്‍ഷിദ് (28) എന്നിവര്‍ തങ്ങളുടെ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂവരേയും കാര്‍ സഹിതം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ശേഷം ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും
തന്‍റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം സമ്മതിക്കാന്‍ അഷ്റഫ് തയ്യാറായിരുന്നില്ല. അ
ഷ്റഫിന്‍റെ സുഹൃത്തുക്കളാണ് തങ്ങളെന്നാണ് വടകര സ്വദേശികള്‍ അവകാശപ്പെട്ടിരുന്നത്.

ശേഷം അഷ്‌റഫിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ എക്സറേ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് വയറിനകത്ത് 4 കാപ്സ്യൂളുകള്‍ കാണപ്പെട്ടത്. തുടര്‍ന്ന് കാറിനകം വിശദമായി പരിശോധിച്ചതില്‍ കാരിയര്‍ക്ക് നല്‍കാനായി കരുതിയ 59500/-രൂപയും കണ്ടെത്തുകയായിരുന്നു. ദോഹയില്‍ നിന്നുള്ള ഫ്ലൈറ്റ് ടിക്കറ്റുള്‍പ്പെടെ 80,000/- രൂപയായിരുന്നു കാരിയര്‍ക്ക് ഓഫര്‍ ചെയ്തിരുന്നത്. കള്ളക്കടത്ത് സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ വടകര സ്വദേശികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണവും പണവും വാഹനവും കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 27-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.

Leave a Reply

Your email address will not be published. Required fields are marked *