എടക്കര (മലപ്പുറം): നാടുവിട്ട് ഭിക്ഷാടനസംഘത്തിനൊപ്പം അലയുകയായിരുന്ന അമ്മയെയും രണ്ടു മക്കളെയും രണ്ടു വർഷത്തിനു ശേഷം പൊലീസ് കോയമ്പത്തൂരിൽനിന്നു കണ്ടെത്തി. പോത്തുകല്ല് കുനിപ്പാല പട്ടികവർഗ കോളനിയിലെ മിനി (40), മക്കളായ രഞ്ജിത്ത് (13), രമേശ് (10) എന്നിവരെയാണു കണ്ടെത്തിയത്. ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാത്തതിനാലാണു നാടുവിട്ടതെന്നാണു മിനി പൊലീസിനു നൽകിയ മൊഴി.

2021 ഏപ്രിലിലാണു മിനിയെയും വിദ്യാർഥികളായ മക്കളെയും കാണാതായത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടർന്ന് പോത്തുകല്ല് പൊലീസ് ഭർത്താവ് സോമനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ‌അപ്പോഴേക്കും ഒരു മാസം കഴിഞ്ഞിരുന്നു. കാണാതായവരിൽ കുട്ടികളും ഉൾപ്പെടുന്നതിനാൽ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു തിരച്ചിൽ തുടങ്ങി.

എന്നാൽ, കാര്യമായ ഒരു സൂചനയും കിട്ടിയില്ല. 6 മാസത്തിനു ശേഷം നാട്ടുകാരനായ ഒരാൾ കോയമ്പത്തൂരിൽ ഇവരെ കണ്ടതായി വിവരം നൽകി. അന്വേഷണസംഘം കോയമ്പത്തൂരിലെത്തി തിരച്ചിൽ നടത്തിയെങ്കിലും ഇതിനിടെ അവർ അവിടെനിന്നു കടന്നു കളഞ്ഞിരുന്നു.

പിന്നീട് പഴനി, പൊള്ളാച്ചി, തിരുപട്ടൂർ, പള്ളടം, മേട്ടുപ്പാളയം എന്നിവിടങ്ങളിലും ഇവരെ കണ്ടതായി വിവരം കിട്ടി. അന്വേഷണ സംഘം ഓരോ സ്ഥലങ്ങളിലും ദിവസങ്ങളോളം താമസിച്ച് ഓരോ ഭിക്ഷാടന സംഘങ്ങളെയും പിന്തുടർന്നു കൊണ്ടിരുന്നു. ഒടുവിലാണ് കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ എത്തിയെന്ന വിവരം കിട്ടിയത്. പോത്തുകല്ല് എസ്എച്ച്ഒ വി.എം.ശ്രീകുമാർ, എസ്ഐ കെ.സോമൻ, എസ്‌സിപിഒ കെ.രാജേഷ്, സിപിഒമാരായ വി.അഖിൽ, എം.കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും അമ്മയെ കോടതിയിലും ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *