പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.ജെയ്ക് സി തോമസിനെ സ്ഥാനാർത്ഥിയാക്കാനാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായത്. പ്രഖ്യാപനത്തിന് പിന്നാലെ ഉച്ചയ്ക്ക് രണ്ടര മുതൽ സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനവും ആരംഭിക്കും.എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവിൽ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും ഉണ്ട്. മണര്‍കാട് സ്വദേശിയായ ജെയ്ക് സി തോമസിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തൽ.
‘രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എല്ലാ വികസനപ്രവർത്തനങ്ങളേയും സംഘടിതമായി എതിർക്കുകയാണ്. ഒരുകാര്യവും കേരളത്തിൽ നടക്കാൻ പാടില്ല. കാരണം, കേരളത്തിൽ വികസന പ്രവർത്തനത്തിന് വോട്ട് ഉണ്ട് എന്ന് മനസ്സിലായത് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്. വികസനപ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ല എന്ന് അജണ്ട വെച്ച് തീരുമാനിച്ച ഒരു പ്രതിപക്ഷമായിരുന്നു ഇത്. കെ. റെയിലിന്റെ കാര്യത്തിൽ, ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ, കെ ഫോൺ പദ്ധതി, തുടങ്ങി പല പദ്ധതികളും അംഗീകരിക്കാൻ കൂട്ടാക്കാതെ അഴിമതിയുടെ പുകമറ സൃഷ്ടിച്ച് എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ജനങ്ങൾ അംഗീകരിച്ചില്ല. – എം.വി. ഗോവിന്ദൻ പറഞ്ഞു.
