മുന്‍ സഹപ്രവര്‍ത്തകയെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുളള ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നീക്കം തടഞ്ഞ് സിപിഎം നേതൃത്വം. ആര്‍എംപിയുമായി ബന്ധമുള്ള സഹപ്രവര്‍ത്തകക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നേതൃത്വത്തിന്റെ ഇടപെടല്‍.

സുഹൃത്തും മുന്‍ സഹപ്രവര്‍ത്തകയുമായ മാധ്യമപ്രവര്‍ത്തകയെ തന്റെ ഔദ്യോഗിക പിആര്‍ഒ ആക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ നീക്കം. ആറന്മുളയില്‍ മത്സരിക്കുമ്പോള്‍ പിആര്‍ സഹായങ്ങള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകയെ മന്ത്രിയായതിന് ശേഷവും വീണാ ജോര്‍ജ് ഒപ്പം കൂട്ടി. എന്നാല്‍ പാര്‍ട്ടി തീരുമാനം വരും മുന്നെ സ്വന്തം നിലയില്‍ എടുത്ത തീരുമാനമാണ് തിരിച്ചടിയായത്.

കോഴിക്കോട് ജില്ലയില്‍ ആര്‍എംപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മാധ്യമപ്രവര്‍ത്തക മന്ത്രി ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി. കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പ് കൂടി കണക്കിലെടുത്താണ് എകെജി സെന്റര്‍ ഇടപെടല്‍. പാര്‍ട്ടി അറിയാതെ തീരുമാനം എടുക്കരുതെന്നാണ് നിര്‍ദ്ദേശം.

വീണാ ജോര്‍ജ് മന്ത്രിയായതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന സമിതിയംഗത്തെയാണ് സിപിഎം പ്രൈവറ്റ് സെക്രട്ടറിയായി തീരുമാനിച്ചത്. എന്നാല്‍ പിആര്‍ഒ നിയമനത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടന്നില്ല. നിലവില്‍ പാചകക്കാരനെയും ഒരു ഡ്രൈവറെയും മാത്രമാണ് സ്വന്തം നിലയില്‍ മന്ത്രിമാര്‍ക്ക് നിയമിക്കാന്‍ അനുമതി. അതിലും പാര്‍ട്ടി പശ്ചാത്തലവും ബന്ധപ്പെട്ട ജില്ലാക്കമ്മിറ്റിയുടെ അംഗീകാരവും നിര്‍ബന്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *