അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള ത്രിദിന വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ് നടത്തുന്നതിനായി സര്‍ക്കാര്‍/ എയ്ഡഡ് / അഫിലിയേറ്റഡ് കോളേജുകള്‍/ അംഗീകാരമുള്ള സംഘടനകള്‍/ മഹല്ല് ജമാഅത്തുകള്‍/ ചര്‍ച്ച് കമ്മിറ്റികള്‍ തുടങ്ങിയവയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാം ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തിലേക്ക് അയക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 19 ന് വൈകുന്നേരം അഞ്ചുമണി വരെ. മുന്‍ വര്‍ഷങ്ങളില്‍ കോഴ്‌സ് നടത്തിയിട്ടില്ലാത്ത സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496-2724610, 9446643499, 9447881853

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഫിസിക്‌സ് വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയില്‍ ജോലി ചെയ്യുവാന്‍ താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള (എംഎസ് സി ഫിസിക്‌സ്) ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 21ന് രാവിലെ പത്ത് മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496 2536125, 2537225

സീറ്റുകള്‍ ഒഴിവ്

ഗവ. കോളേജ് തലശ്ശേരി, ചൊക്ലിയില്‍ ബി.എ ഹിസ്റ്ററി, ബികോം, ബിസിഎ കോഴ്‌സുകളില്‍ എസ്.സി, എസ്.ടി, പിഡബ്യൂഡി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 21 വൈകുന്നേരം അഞ്ചു മണിവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496-2966800, 9188900210

അഗ്രോ കോൺക്ലേവ്

കണ്ണൂർ സർവകലാശാല, പിലിക്കോട് ഉത്തര മേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കിസാൻവാണി, ടെക്റ്റേൺ പ്രൈവറ്റ് ലിമിറ്റഡ്, ബിസിനസ് ഇൻക്യുബേഷൻ സെന്റർ എന്നിവയുടെ സം‍യുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 2 മണിമുതൽ 5 മണിവരെ പിലിക്കോട് ഉത്തര മേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നൂതന കാർഷിക സംരംഭകർക്കായി അഗ്രോ കോൺക്ലേവ് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0467 2260632 Soumya Bijuprd Clt: ജില്ലാ ഇൻഫർമേഷൻ ഓഫീസ്
കോഴിക്കോട്

കർഷക ദിനം ആചരിച്ചു

പനങ്ങാട് ഗ്രാമപഞ്ചായത്തിൽ കർഷക ദിനാചരണം കൃഷിഭവൻ ഹാളിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകരെയും ക്ഷീര കർഷകരേയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വി ഖദീജകുട്ടി അധ്യക്ഷത വഹിച്ചു. ‘സംയോജിത രോഗകീട നിയന്ത്രണം തെങ്ങുകൃഷിയിൽ’ എന്ന വിഷയത്തിൽ റിട്ട. കൃഷി ഓഫീസർ പി.ടി. ഗോപാലകൃഷ്ണൻ സംസാരിച്ചു.

സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ഷാജി.കെ.പണിക്കർ, കെ.കെ.പ്രകാശിനി, ഹരീഷ് ത്രിവേണി, പഞ്ചായത്തംഗങ്ങളായ റിജു പ്രസാദ്, ഇസ്മയിൽ രാരോത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ അർച്ചന ശ്യാം സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ വി.ടി.ബിനു നന്ദിയും പറഞ്ഞു.

പേരാമ്പ്രയിൽ തൊഴിൽ മേള ആഗസ്റ്റ് 22 ന്

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൻ്റെ ഇന്റർ ലിങ്കിങ്ങ് ഓഫ് എംപ്ലായ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി പേരാമ്പ്രയിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 22നാണ് മേള സംഘടിപ്പിക്കുന്നത്.

സ്വകാര്യ മേഖലയിലെ മുപ്പതിൽപരം പ്രമുഖ ഉദ്യോഗദായകർ 1,000 ഓളം വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. പങ്കെടുക്കാൻ ആഗഹിക്കുന്ന ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ആഗസ്റ്റ് 22ന് രാവിലെ 9 മണിക്ക് പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി ടൗൺ ഹാളിൽ നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടതാണ്.

പേര് മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നതിന് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് എൻ.സി.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഗൂഗിൾ ഫോറം പൂരിപ്പിച്ചും രജിസ്റ്റർ ചെയ്യാം ( https://forms.gle/3fcEget2t7Hrtyge8). ജില്ലയിൽ നേരത്തെ കൊയിലാണ്ടിയിലും കോഴിക്കോടും തൊഴിൽ മേളകൾ സംഘടിപ്പിച്ചിരുന്നു. മൂന്നാമത്തെ മേളയാണ് പേരാമ്പ്രയിൽ സംഘടിപ്പിക്കുന്നത്.

ഓണം ഖാദി മേള സമ്മാനപദ്ധതി: പ്രതിവാര നറുക്കെടുപ്പ് നടത്തി

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടത്തിവരുന്ന ഓണം ഖാദി മേളയുടെ ഭാഗമായുള്ള സമ്മാന പദ്ധതിയുടെ ഒന്നാം പ്രതിവാര നറുക്കെടുപ്പ് ഗാന്ധി ആശ്രമത്തില്‍ നടന്നു. ഓണക്കാലത്ത് ഖാദി വസ്ത്രങ്ങളുടെ പ്രചാരണവും വിപണനവും മുന്‍നിര്‍ത്തിയാണ് സമ്മാന പദ്ധതി ആരംഭിച്ചത്. ഖാദി ബോര്‍ഡ് പ്രൊജക്ട് ഓഫീസര്‍ കെ ഷിബി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആഴ്ചതോറും നല്‍കുന്ന 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറിന് മലപ്പുറം സ്വദേശി വേലായുധന്‍ അര്‍ഹത നേടി.

സമ്മാന പദ്ധതിയില്‍ ബമ്പര്‍ സമ്മാനങ്ങളായി ടാറ്റാ ഇലക്ട്രിക് കാര്‍, ഇലക്ട്രിക് സ്കൂട്ടര്‍, ഒരു പവന്‍ സ്വർണ്ണം (14 പേര്‍ക്ക്) എന്നിവയും നല്‍കുന്നുണ്ട്. ഒക്ടോബര്‍ അഞ്ചിനാണ് ബമ്പര്‍ നറുക്കെടുപ്പ്. ചെറൂട്ടി റോഡില്‍ ജില്ലാ കോടതിക്ക് സമീപത്തുള്ള ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളിലും മറ്റ് കേന്ദ്രങ്ങളിലും നടക്കുന്ന ഓണം ഖാദി മേളയിൽ ഖാദി വസ്ത്രങ്ങള്‍ 30 ശതമാനം കിഴിവോടെ ആഗസ്റ്റ് 28 വരെ ലഭിക്കും.

ഓണം ഫെയര്‍ ഉദ്ഘാടനം ആഗസ്റ്റ് 19 ന്

ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനം ആഗസ്റ്റ് 19 ന് വൈകുന്നേരം അഞ്ച് മണിക്ക് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. മേയര്‍ ഡോ. ബീനാ ഫിലിപ്പ്, എം.കെ രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.

കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം കോമ്പൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ് ഓണം ഫെയര്‍ സജ്ജീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 19 മുതല്‍ ആഗസ്റ്റ് 28 വരെയാണ് ഓണം ഫെയര്‍. ഉപഭോക്താക്കള്‍ ഫെയറിനെത്തുമ്പോൾ റേഷന്‍ കാര്‍ഡ് കൊണ്ടുവരണമെന്ന് ഡിപ്പോ മാനേജർ അറിയിച്ചു.

നിയമനം നടത്തുന്നു

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ് (5 ഒഴിവുകൾ), ജനറൽ സർജറി (9 ഒഴിവുകൾ) എന്നീ വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അതാത് വിഭാഗത്തിൽ പി ജി യും ടി സി എം സി രജിസ്ട്രേഷനുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 70000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡൻറിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ആഗസ്റ്റ് 21ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 – 2350216, 2350200

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നൂതന സാങ്കേതിക വിദ്യയായ ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ കോഴ്സുകൾക്കാണ് പ്രമുഖ്യം നൽകുന്നത്. ഐ ടി കോഴ്സുകൾക്ക് പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ഏവിയേഷൻ, ഹെൽത്ത് കെയർ എന്നീ മേഖലകളിലെ കോഴ്സുകളും ഉൾപ്പെടും. താൽപര്യമുള്ള പരിശീലന കേന്ദ്രങ്ങൾ / വ്യക്തികൾക്ക് അപേക്ഷ നൽകാം. അപേക്ഷകൾ നിർദിഷ്ട മാതൃകയിൽ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21. കൂടുതൽ വിവരങ്ങൾക്ക് : www.lbscentre.kerala.gov.in, Ibsskillcentre@gmail.com, ഫോൺ: 0471-2560333/6238553571 .

ടെണ്ടർ ക്ഷണിച്ചു

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന് കീഴിൽ പാനോം നീർത്തടം മണ്ണിടിച്ചിൽ പ്രതിരോധ പദ്ധതി ഫേസ് 5 ഡി എൽ ടി പ്രവർത്തനങ്ങൾക്ക് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫീ 1785 രൂപ + ജി എസ് ടി. ബിഡ് സ്വീകരിക്കുന്ന അവസാന തിയ്യതി : സെപ്റ്റംബർ 4 വൈകിട്ട് 4 മണി. ബിഡ് സെപ്റ്റംബർ 7 ഉച്ചയ്ക്ക് രണ്ടു മണിക്ക് തുറക്കുന്നതാണ്. സമർപ്പിക്കേണ്ട വിലാസം : ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്, സി ബ്ലോക്ക്, അഞ്ചാം നില കോഴിക്കോട് 20. കൂടുതൽ വിവരങ്ങൾക്ക്: 0495 2370790

മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്ത സ്ഥാപനത്തിന് പിഴ ചുമത്തി

നാദാപുരം തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഖര മാലിന്യ പരിപാലന ചട്ടങ്ങൾ ലംഘിച്ചതിനും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ മാലിന്യങ്ങൾ അലക്ഷ്യമായി സൂക്ഷിച്ചതിനുമെതിരെ നടപടി സ്വീകരിച്ചു. നാദാപുരം ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും നടത്തിയ സംയുക്ത പരിശോധനയെ തുടർന്നാണ് നടപടിയെടുത്തത്. ഭക്ഷണാവശിഷ്ടങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായതിനെ തുടർന്ന് പരിസരവാസികൾ അധികൃതരെ അറിയിക്കുകയും തുടർന്ന് നടപടി സ്വീകരിക്കുകയുമായിരുന്നു. സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു. മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്ത് പിഴ ഒടുക്കുന്നതിനു ശേഷം മാത്രമേ സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു.

പരിശോധനയിൽ നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രീജിത്ത് കെ.ആർ, സി പ്രസാദ്, ഉദ്യോഗസ്ഥരായ അനഘ പി.ജി, ജുബിഷ കെ എന്നിവരും പങ്കെടുത്തു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കർഷക ദിനം ആചരിച്ചു

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കർഷക ദിനം ആചരിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ കർഷകരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല മുഖ്യാതിഥിയായി.

കാർഷിക മേഖലകളിൽ നിന്നുള്ള പതിമൂന്ന് കർഷകരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. കാർഷിക ലോൺ സംബന്ധിച്ച് എസ് ബി ഐ കോഴിക്കോട് റീജിയണൽ മാനേജർ ധന്യ സദാനന്ദൻ കർഷകർക്ക് വിവരണം നൽകി. 

ചേമഞ്ചേരിയിൽ കർഷകരെ ആദരിക്കലും പുരസ്കാര വിതരണവും സംഘടിപ്പിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കർഷകരെ ആദരിക്കലും പുരസ്കാര വിതരണവും സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല എം അധ്യക്ഷത വഹിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ കർഷക – കർഷക തൊഴിലാളി പുരസ്കാരം വിതരണം ചെയ്തു. കർഷക ദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കയർ പിരി മൽസരത്തിൽ വിജയികളായവർക്ക് ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ് ഉപഹാരങ്ങൾ നൽകി. തുടർന്ന് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ഡെപ്യൂട്ടി മാനേജർ ജയശ്രീ പി യുടെ നേതൃത്വത്തിൽ കർഷകർക്കുള്ള ക്ലാസ്സ് നടന്നു. മുതിർന്ന കർഷക തൊഴിലാളി ബാലൻ നായർ ആനയാടത്ത്, നെൽ കർഷകൻ പ്രദീപൻ കുനിയിൽ, വനിതാ കർഷക ബീവി കോയമുട്ടി എന്നിവരെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.

ജൈവ കർഷകനായ മധുസദനൻ പുതിയോട്ടിൽ, സമ്മിശ്ര കർഷകനായ കെ.കെ അണ്ടിക്കുട്ടി, ക്ഷീര കർഷകനായ മൂസക്കോയ അമ്മിക്കണ്ണടി, എസ് സി കർഷകനായ ശങ്കരൻ ശ്രീനിലയം, കേര കർഷകനായ നാരായണൻ നമ്പൂതിരി, യുവ കർഷകനായ ലതീഷ് അരീക്കര, മത്സ്യ കർഷകനായ നിധീഷ് കൂടത്തിൽ, മികച്ച കാർഷിക സ്കൂളായി ചേമഞ്ചേരി യൂ.പി സ്കൂൾ എന്നിവരെയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

കർഷക ദിനം: പുറമേരിയിൽ കർഷകരെ ആദരിച്ചു

കർഷക ദിനത്തിൽ പുറമേരി ഗ്രാമപഞ്ചായത്ത്‌ കർഷകരെ ആദരിച്ചു. പുറമേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സി.എം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ മികച്ച കർഷകരെ ആദരിച്ചു.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വിജിഷ കെ.എം, ബീന കല്ലിൽ, പഞ്ചായത്ത്‌ സെക്രട്ടറി സിന്ധു പി ജി, കൃഷി ഓഫീസർ ശ്രീജിത ബാബു, കൃഷി അസിസ്റ്റന്റ് പളനി സ്വാമി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി

വ്യവസായ വാണിജ്യ വകുപ്പില്‍ നിന്നും മാര്‍ജിന്‍ വായ്പ കൈപ്പറ്റി കുടിശ്ശിക വരുത്തിയ യൂണിറ്റുകളുടെ കുടിശ്ശിക തീര്‍പ്പാക്കുന്നതിന് ജി.ഒ (ആര്‍.ടി)നമ്പര്‍ 200/2023/ഐഡി തിയ്യതി 13/03/2023 പ്രകാരം ഉത്തരവായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 03/06/2023 ല്‍ നിന്നും സെപ്റ്റംബർ മൂന്നു വരെ ദീര്‍ഘിപ്പിച്ചു. കാറ്റഗറി ഒന്ന് പ്രകാരം സംരംഭകന്‍ മരണപ്പെടുകയും സംരംഭം പ്രവര്‍ത്തന രഹിതമായിരിക്കുന്നതും ആസ്തികള്‍ ഒന്നും നിലവിലില്ലാത്തതുമായ യൂണിറ്റുകളുടെ മാര്‍ജിന്‍ മണി വായ്പാ കുടിശ്ശിക തുക പൂര്‍ണ്ണമായും എഴുതി തള്ളും. കാറ്റഗറി രണ്ട് പ്രകാരം പിഴപ്പലിശ പൂര്‍ണ്ണമായി ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്ന തിയ്യതി വരെ 6 ശതമാനം നിരക്കില്‍ പലിശ കണക്കാക്കുന്നതും പലിശയുടെ 50 ശതമാനം തുക ഇളവ് ചെയ്തും നല്‍കും. മുതല്‍ തുകയേക്കാള്‍ പലിശ തുക അധികരിക്കുന്ന പക്ഷം മുതല്‍ തുകക്ക് തുല്യമായി പലിശ തുക നിജപ്പെടുത്തുകയും തിരിച്ചടക്കാന്‍ ബാക്കി നില്‍ക്കുന്ന തുകയില്‍ നിന്ന് നേരത്തെ അടച്ച പലിശയും പിഴപ്പലിശയും കുറവ് ചെയ്തും നല്‍കും. വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ, കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം 0495-2766563, കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസ് 9961511542, കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസ് 9846923064, വടകര താലൂക്ക് വ്യവസായ ഓഫീസ് 8129213258

വാക്ക് ഇൻ ഇന്റർവ്യൂ

കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജിൽ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ബി.കോം/ കോമേഴ്ഷ്യൽ പ്രാക്ടീസിൽ മൂന്നു വർഷ ഡിപ്ലോമ. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനത്തിൽ സമാന തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം. ടാലി സോഫ്റ്റ്‌വെയർ, എം.എസ് ഓഫീസ്, ടി ഡി എസ് ഫയലിംഗ് എന്നിവയിലുള്ള അനുഭവജ്ഞാനം അഭിലഷണീയം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവർത്തി പരിചയത്തിന്റെയും അസൽ രേഖകളും പകർപ്പുകളുമായി നിശ്ചിത സമയത്തിന് മുമ്പായി ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: www.geckkd.ac.in, 0495 2383210

മൃഗക്ഷേമ അവാർഡ് നൽകുന്നു

കണ്ണൂർ ജില്ലയിൽ മികച്ച മൃഗക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി/ സംഘടനക്ക് ജില്ലാതലത്തിൽ അവാർഡ് നൽകുന്നു. 10000 രൂപയാണ് അവാർഡ് തുക. മൃഗക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും അപേക്ഷിക്കാവുന്നതാണ്. 2023 സെപ്റ്റംബർ 5 നു മുമ്പായി അപേക്ഷ ഫോറം പൂരിപ്പിച്ച് അടുത്തുള്ള മൃഗാശുപത്രികൾ വഴിയാണ് സമർപ്പിക്കേണ്ടത്. അപേക്ഷ ഫോറം മൃഗാശുപത്രികളിൽ ലഭ്യമാണ്.

പരിശീലനം നൽകുന്നു

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘ആടിനെ അറിഞ്ഞാൽ ആദായം ഉറപ്പ് ‘ എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. ആഗസ്റ്റ് 24 ന് രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ മലമ്പുഴയിലാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491- 2815454, 9188522713 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് / ടാലി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9072592412, 9072592416

അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ സാമൂഹ്യ വികസനം റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 18 വയസിനും 35 വയസിനും ഇടയിൽ ഉള്ളവരായിരിക്കണം. അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ട അംഗമോ കുടുംബശ്രീ കുടുംബാംഗമോ ഓക്സലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപ്പര്യമുള്ളവർ നിശ്ചിത അപേക്ഷാ ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത, ജനനതിയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ്, കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്ററുടെ പേരിൽ കോഴിക്കോട് മാറാവുന്ന ഏതെങ്കിലും ദേശസാൽക്കൃത ബാങ്കിൽ നിന്നെടുത്ത ഡിമാന്റ് ഡ്രാഫ്റ്റ് ഉൾപ്പെടെ സെപ്റ്റംബർ ഒന്നിന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി കുടുംബശ്രീ ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ കോഴിക്കോട് 673 020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോറം www.kudumbashree. org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2373678

രജിസ്‌ട്രേഷൻ പുതുക്കാം

താമരശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റര് ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളിൽ പി.എസ്.സി. മുഖേനയോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അനധ്യാപക തസ്തികയിൽ സ്ഥിരം ജോലി ലഭിക്കുകയും പ്രസ്തുത വിവരം രേഖാമൂലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയച്ചവരും/അറിയിക്കാത്തവരും പിന്നീട് രജിസ്ട്രേഷൻ പുതുക്കാതെ ലാപ്സായവരുമായ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് സീനിയോരിറ്റിയോടുകൂടി സെപ്റ്റംബർ 30 വരെ പുതുക്കാവുന്നതാണെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. മേൽ പരാമർശിച്ച തരത്തിൽ രജിസ്ട്രേഷൻ ലാപ്സായ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30 നുള്ളിൽ എൻ ഒ സി സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടോ, ദൂതൻ മുഖേനയോ ഹാജരായി പ്രത്യേക പുതുക്കലിന് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2225995

Leave a Reply

Your email address will not be published. Required fields are marked *