തൃക്കാക്കരയിലേത് പോലെ മന്ത്രിമാർ പുതുപ്പള്ളിയിൽ എത്തുന്നില്ലെന്നും അവരെ മിസ് ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.മന്ത്രിമാർ വന്നിട്ടുണ്ടെങ്കിൽ വീടുകളിൽ നിന്ന് അകന്ന് നിൽക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ-ഫോൺ കമ്പനിക്ക് പലിശയില്ലാതെ മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്തത് സർക്കാരാണ്. ഇതു വഴി ഖജനാവിനുണ്ടായിരിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. പിന്നെങ്ങനെയാണ് ധന പ്രതിസസി ഉണ്ടാകാതിരിക്കുക. മാത്യു കുഴൽ നാടന്റെ വീട്ടിൽ റെയ്ഡ് നടത്തിയവർ ശാന്തൻ പാറയിലെ സി.പി.എം ഓഫീസ് ഇടിച്ച് നിരത്തുമോ? ഭൂപതിവ് ചട്ടം ലംഘിച്ചാണ് കെട്ടിടം പണിതിരിക്കുന്നത്. മാത്രമല്ല റവന്യൂ വകുപ്പിന്റെ എൻ.ഒ.സിയും ഇല്ല. അതുകൊണ്ട് സി.പി.എം ഓഫീസ് ഇടിച്ച് നിരത്തണം എന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പിനെ സമീപിക്കും- വിഡി സതീശൻ പറഞ്ഞു.
മാസപ്പടി വിവാദത്തിൽ നടപടിയെടുത്തില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിൽ കേന്ദ്രത്തിനെതിരെ സംസാരിക്കുന്ന സി.പി. എമ്മും ബി.ജെ.പിയും തമ്മിൽ ഇവിടെ ഒത്തുകളിയാണെന്നും കുഴൽപ്പണക്കേസിൽ കുടുങ്ങേണ്ട ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കേസ് ഒത്തുതീർപ്പാക്കിയെന്നും ആരോപിച്ചു.രാത്രിയിൽ പിണറായി വിജയന്റെ കാലുപിടിച്ച് കുഴൽപ്പണ കേസിൽ രക്ഷിക്കണേയെന്ന് പറഞ്ഞയാളാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അനുജനെ പോലെ കെ സുരേന്ദ്രനെ സംരക്ഷിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഖജനാവിൽ പണമില്ല. ബജറ്റിന് പുറത്ത് സ്ഥാപനമുണ്ടാക്കി കടമെടുത്തു. ആ കടം ഒടുവിൽ ബജറ്റിനകത്തു വന്നിരിക്കുന്നു. ഇതിനക്കുറിച്ച് പ്രതിപക്ഷം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. ട്രഷറിയിൽ നിന്ന് 5 ലക്ഷം പോലും കൊടുക്കുന്നില്ല. 5 ലക്ഷം കൊണ്ട് ഓട പോലും നിർമിക്കാൻ സാധിക്കില്ല. അതുപോലും നിർമിക്കാൻ സാധിക്കാത്തവരാണ് പുതുപ്പള്ളിയിൽ വികസനം ചർച്ച ചെയ്യാൻ വെല്ലുവിളിക്കുന്നതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. അട്ടപ്പാടിയിൽ പ്രിൻസിപ്പലിന്റെ കസേരയുടെ പിന്നിൽ എസ്എഫ്ഐ വാഴ വച്ചു. വാഴവയ്ക്കേണ്ട സ്ഥലമുണ്ട്. എന്നാൽ അതിപ്പോൾ പറയുന്നില്ലെന്നും സതീശൻ പറഞ്ഞു.
