ഇ ഡ‍ിയുടെ റെയ്ഡിന് പിന്നാലെ സിപിഎം നേതാവും എംഎൽഎയുമായ എസി മൊയ്തീൻ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മച്ചാട് സർവീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. അതേസമയം, എസി മൊയ്തീനിനെ ഉടൻ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ചോദ്യം ചെയ്യലിനായി സമൻസ് അയക്കുന്നതിൽ ഇന്ന് തീരുമാനം എടുക്കും. ഇതേ ‌സമയത്ത് പൊലീസ് റെയ്ഡ് നടത്തിയ ബാങ്കുകളുമായി ബന്ധപ്പെട്ടു വായ്പാസ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനിൽകുമാർ എന്ന സുഭാഷ്, പലിശയ്ക്കു കൊടുക്കുന്ന കണ്ണൂർ സ്വദേശി സതീശൻ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. റെയ്ഡിനിടെ മൊയ്തീന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ആദായനികുതി റിട്ടേണിന്റെ വിശദാംശങ്ങളും ഒത്തുനോക്കിയ ഇഡി ഉദ്യോഗസ്ഥർ, ചില കാര്യങ്ങളിൽ വിശദീകരണം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സംശയങ്ങൾ ദുരീകരിക്കുന്നതിനാണ് മൊയ്തീനെ നോട്ടിസ് നൽകി വിളിപ്പിക്കാനുള്ള നീക്കം.മുൻ സഹ​കരണ വകുപ്പ് മന്ത്രിയും നിലവിൽ കുന്നംകുളം നിയോജക മണ്ഡലത്തിലെ എംഎൽഎയുമാണ് എ സി മൊയ്തീൻ. ബാങ്ക് തട്ടിപ്പിൽ മൊയ്തീന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇ ഡിയുടെ റെയ്ഡ്.

Leave a Reply

Your email address will not be published. Required fields are marked *