ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം സ്ത്രീകളുടെ വസ്ത്രധാരണവും പെരുമാറ്റവുമാണെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷത്തുള്ള വനിതാ അംഗങ്ങളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സെനറ്റര്‍ ഷെറി റഹ്മാന്‍, സിന്ധിലെ വനിതാ വികസന വകുപ്പുമന്ത്രി ഷെഹ്‌ല റാസ, പി.എം.എല്‍. വക്താവ് മറിയം ഔറംഗസേബ് തുടങ്ങി നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമത്തിലായാലും മതത്തിലായാലും സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിക്കേണ്ടതെന്നാണ് ഷെറി റഹ്മാന്‍ ട്വീറ്റ് ചെയ്തത്.

‘നമ്മുടെ മതത്തിലായാലും നിയമത്തിലായാലും സ്ത്രീകളെ ബഹുമാനിക്കുക എന്നത് ഒരാളുടെ ഉത്തരവാദിത്തമാണ്. വസ്ത്രത്തിന്റെ പേരിലോ, നേരിട്ട ആക്രമണത്തിന്റെ പേരിലോ, ബലാത്സംഘം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയിലൊന്നും സ്ത്രീകളെ കുറ്റപ്പെടുത്താന്‍ ഒരു ആണിനും അവകാശമില്ല. പ്രധാനമന്ത്രിയുടെ പ്രവൃത്തി കണ്ട് ഞെട്ടിത്തരിച്ചു,’ ഷെറി റഹ്മാന്‍ പറഞ്ഞു.

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഇങ്ങനെ പറയുന്നതുവഴി കുറ്റവാളികള്‍ക്കും മറ്റും അവരുടെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ പുതിയ ഒരു കഥ തന്നെ ഉണ്ടാക്കിയിരിക്കുയാണെന്ന് ഇമ്രാന്‍ ഖാന് ഇനിയും മനസിലായിട്ടുണ്ടോ എന്നും ഷെറി റഹ്മാന്‍ മറ്റൊരു ട്വീറ്റില്‍ ചോദിച്ചു.

സ്ത്രീകളുടെ മേല്‍ ഇത്രയും ശ്രദ്ധവെക്കുന്നതിന് പകരം ഇമ്രാന്‍ ഖാന്‍ രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ വെക്കുന്നതാണ് നല്ലതെന്നാണ് മന്ത്രി ഷെഹ്‌ല റാസ പറഞ്ഞത്.

സ്ത്രീപീഡകരെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനയാണ് ഇമ്രാന്‍ ഖാന്‍ നടത്തിയത്. ഒരു സ്ത്രീവിരുദ്ധ മനോഭാവമാണ് തന്റേതെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണെന്നാണ് മറിയം ഔറംഗസേബ് പ്രതികരിച്ചത്.

അതേസമയം ഇമ്രാന്‍ ഖാന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് ഭരണകക്ഷിയിലെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹമന്ത്രി സര്‍ത്തജ് ഗുല്‍, പാകിസ്ഥാന്‍ തെഹ്‌രീക് ഇഇന്‍സാഫ് പാര്‍ട്ടി നേതാക്കളായ മലീക അലി ബൊഖാരി, കന്‍വാള്‍ ഷാവുസാബ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

സ്ത്രീകളുടെ വസ്ത്രധാരണവും പെരുമാറ്റവുമാണ് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ആക്‌സിയോസ് എച്ച്.ബി.ഒയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന വസ്ത്രധാരണം ഒഴിവാക്കുന്നതിലൂടെ മാത്രമെ ഇത്തരം ലൈംഗികാതിക്രമങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ കഴിയുള്ളുവെന്നാണ് ഇമ്രാന്റെ പ്രസ്താവന.

‘പര്‍ദ്ദ എന്ന ആശയമാണ് ഞാന്‍ മുന്നോട്ട് വെയ്ക്കുന്നത്. സമൂഹത്തില്‍ പ്രകോപനമുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം പാകിസ്ഥാനില്‍ ഡിസ്‌കോ ക്ലബ്ബുകളോ, നൈറ്റ് പാര്‍ട്ടികളോ ഇല്ല. വളരെ വ്യത്യസ്തമായ രീതിയില്‍ ജീവിക്കുന്ന സമൂഹമാണ് ഇവിടെ. അങ്ങനെയുള്ള സമൂഹത്തില്‍ പ്രകോപനമുണ്ടാക്കിയാല്‍ എന്താകും അവസ്ഥ,’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

സ്ത്രീകളുടെ വസ്ത്രധാരണം ലൈംഗികാതിക്രമങ്ങള്‍ക്ക് വഴിവെയ്ക്കുമോ എന്ന ചോദ്യത്തിന്, സ്ത്രീകള്‍ അല്പവസ്ത്രധാരികളായി നടന്നാല്‍ അത് സമൂഹത്തെ പ്രകോപിപ്പിക്കുമെന്നും പുരുഷന്‍മാര്‍ റോബോട്ടുകളൊന്നുമല്ല ഒന്നും തോന്നാതിരിക്കാനെന്നുമായിരുന്നു ഇമ്രാന്റെ മറുപടി.

എന്നാല്‍ ഔദ്യോഗിക കണക്കുപ്രകാരം പാകിസ്ഥാനില്‍ ഒരു ദിവസം 11 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 22000ത്തോളം ബലാത്സംഗ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ശിക്ഷ ലഭിച്ചത് വെറും 77 പേര്‍ക്ക് മാത്രമാണെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *