നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന്റെ 63-ാമത് സ്ഥാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. 1961 സെപ്തംബർ 1-ന് റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് (ആർഇസി) കാലിക്കറ്റ് ആയി സ്ഥാപിതമായതിന്റെ വാർഷികത്തോടനുബന്ധിച്ചാണ് വെള്ളിയാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.ഇതിന്റെ ഭാഗമായി പ്രൊഫ.കേശവ റാവു സ്മാരക ക്ലോക്ക് ടവറിന് എൻ ഐ ടി കോഴിക്കോട് ബോർഡ് ഓഫ് ഗവർണേഴ്സ് ശ്രീ. ഗജ്ജാല യോഗാനന്ദ് തറക്കല്ലിട്ടു.
ഡിഫെൻസ് റിസേർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിന്റെ ഡയറക്ടർ ജനറൽ ആയ ഡോ. ബി. കെ. ദാസ് സ്ഥാപകദിന പരിപാടിയിൽ മുഖ്യാതിഥി ആയിരുന്നു. അദ്ദേഹം പ്രൊഫസർ കേശവ റാവു അനുസ്മരണ പ്രഭാഷണവും നടത്തി. അറിവ് ത്രിമാനമായി മാറിയിരിക്കുകയാണെന്നും മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിദ്യാർത്ഥികൾക്ക് ബാസ്കറ്റ്ബോൾ കോർട്ട്, കാമ്പസ്, ലൈബ്രറി തുടങ്ങി മറ്റെല്ലാ സ്ഥലങ്ങളിൽ നിന്നും അറിവ് ഉൾക്കൊള്ളാനുള്ള സാദ്ധ്യതകൾ ഉണ്ടെന്നും നമ്മുടെ പരിസ്ഥിതിയിൽ നിന്നുള്ള അറിവ് ഉൾക്കൊള്ളാൻ അവർക്ക് ഇപ്പോൾ കഴിയും എന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യകളുടെ അഭാവത്തിലാണ് ഇന്ത്യ മിസൈൽ മിഷനുമായി മുന്നോട്ടുപോയത്. ഇന്ത്യയുടെ മിസൈൽ ദൗത്യത്തിനുള്ള എല്ലാ പിന്തുണയും അമേരിക്ക പിൻവലിച്ചപ്പോൾ ഇന്ത്യ ദൗത്യം ഉപേക്ഷിക്കുകയല്ല ചെയ്തത്. പകരം ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യയും വികസിപ്പിക്കുകയും മിസൈൽ ദൗത്യം പൂർത്തിയാക്കുകയുമാണ് ചെയ്തത്. അതാണ് നമ്മുടെ ജനങ്ങളുടെ കഴിവും വിശ്വാസവും, അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ മിഷന്റെ വിജയം ചൂണ്ടിക്കാട്ടി ഡോ. ബി കെ ദാസ് ഇന്ത്യൻ യുവതയുടെ ശക്തിയെപ്പറ്റി പറഞ്ഞു. “യുവാക്കൾക്ക് ശക്തിയും വെല്ലുവിളികളും ഉണ്ട്. സാങ്കേതിക വിദ്യകളാൽ സമ്പന്നമായ ഇന്ത്യയിലേക്കാണ് യുവതലമുറ ചുവടുവയ്ക്കുന്നത് അതുകൊണ്ടുതന്നെ നാഗരികതകളെ ബന്ധിപ്പിക്കാനും ഇന്ത്യൻ സംസ്കാരത്തെ ലോകം മുഴുവൻ എത്തിക്കാനും യുവാക്കൾക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ രാജ്യത്തിലെ മികച്ച ബുദ്ധികേന്ദ്രങ്ങളുടെ സമർപ്പണത്തിന്റെയും നവീകരണത്തിന്റെയും സാങ്കേതിക വൈഭവത്തിന്റെയും തെളിവാണ് ചന്ദ്രയാൻ മിഷന്റെ വിജയമെന്ന് എൻഐടി കോഴിക്കോട് ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപേഴ്സനായ ശ്രീ. ഗജ്ജാല യോഗാനന്ദ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വിദ്യാഭ്യാസത്തിലും മൂല്യങ്ങളിലുമുള്ള ശക്തമായ അടിത്തറ ഒരു വ്യക്തിയുടെ മാത്രമല്ല, രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിൽ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തെ അവരുടെ സംഭാവനകൾ എടുത്തുകാണിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
രാമകൃഷ്ണ മിഷൻ വിവേകാനന്ദ എജ്യുക്കേഷണൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രോ-ചാൻസലർ സ്വാമി ആത്മപ്രിയാനന്ദ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു . നമ്മുടെ രാജ്യത്തെയും അതിന്റെ മൂല്യങ്ങളെയും തിരിച്ചറിയേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പടിഞ്ഞാറൻ സംഭവനകളെയെല്ലാം എല്ലാം മഹത്വപ്പെടുത്തുകയാണ് ഇപ്പോൾ നാം ചെയ്യുന്നത്. നമ്മുടെ ഈ ചിന്താഗതി മാറി ലോകത്തിന് ഇന്ത്യ നല് കിയ സംഭാവനകളെ നാം അംഗീകരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ആംഫി തിയേറ്ററിൽ അദ്ദേഹം ഒരു വൃക്ഷത്തൈ നടുകയും ചെയ്തു.
എൻഐടിസി ഡയറക്ടർ പ്രൊഫ പ്രസാദ് കൃഷ്ണ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. “ 1961 ൽ 125 വിദ്യാർത്ഥികളുമായി റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട് ആയി പ്രവർത്തിക്കാൻ തുടങ്ങിയ സ്ഥാപനത്തിൽ ഇപ്പോൾ ഞങ്ങൾക്ക് 11 ബിരുദ പ്രോഗ്രാമുകളും 31 ബിരുദാനന്തര പ്രോഗ്രാമുകളും ഡോക്ടറൽ ഗവേഷണ പ്രോഗ്രാമുകളും 7200 വിദ്യാർത്ഥികളും ഉണ്ട് എന്ന് അദ്ദേഹം റിപ്പോർട്ടിൽ പറഞ്ഞു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്ലേസ്മെന്റുകൾ കൈവരിച്ച വര്ഷം കൂടിയാണ് 2023. ഇത്തവണ സ്ഥാപനം 1148 പ്ലേസ്മെന്റുകൾ നേടി, 35,000-ത്തിലധികം പൂർവ്വ വിദ്യാർത്ഥി ശൃംഖലയാണ് സ്ഥാപനത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത മേഖലകളിലെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വളർച്ചയും അദ്ദേഹം വിശദമാക്കി. ഇൻസ്റ്റിറ്റ്യൂട്ട് വാർത്താപത്രിക ‘കമ്യൂണിക്’ ന്റെ 63-ആം വാർഷിക പതിപ്പും അദ്ദേഹം പ്രകാശനം ചെയ്തു.
മുൻപ് സ്ഥാപന മേധാവികളായിരുന്ന വ്യക്തികളെ ആദരിക്കുന്ന ചടങ്ങും നടന്നു. വിശിഷ്ടാതിഥികളിൽ റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലിന്റെ ചുമതല വഹിച്ച പ്രൊഫ. എസ് നാഗരാജയും, എൻ ഐ ടി സി ഡയറക്ടറുടെ ചുമതല വഹിച്ച പ്രൊഫ. നാഗരാജ് ബി എൻ, പ്രൊഫ. ഇ ഗോപിനാഥൻ, പ്രൊഫ. ടി എൽ ജോസ്, പ്രൊഫ. സന്ദീപ് സഞ്ചേതി എന്നിവരും, എൻ ഐ ടി സി മുൻ ഡയറക്ടർ ഇൻ- ചാര്ജും മുൻ ഡെപ്യൂട്ടി ഡയറക്ടറും ആയ പ്രൊഫ. പി എസ് സതീദേവി, മുൻ ഡയറക്ടറായിരുന്ന പ്രൊഫ. എം എൻ ബന്ദ്യോപാധ്യായ എന്നിവരും ഉൾപ്പെട്ടു.
25 വർഷത്തെ സേവനം പൂർത്തിയാക്കിയ ഇൻസ്റ്റിറ്റ്യൂട്ടിലെ 10 അധ്യാപകരെയും ഏഴ് അനധ്യാപകരെയും ഇൻസ്റ്റിറ്റ്യൂട്ട് ആദരിച്ചു. ജീവനക്കാരുടെ മക്കൾക്കുള്ള പ്രൊഫിഷ്യൻസി പുരസ്കാരങ്ങളും നൽകി.
വിശിഷ്ട പൂർവ്വ വിദ്യാർത്ഥി അവാർഡ് (ഡി എ എ 2023)
ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി എട്ട് പൂർവ്വ വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വിശിഷ്ട പൂർവ്വ വിദ്യാർത്ഥി അവാർഡുകൾ വിതരണം ചെയ്തു.
ദി ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ മുൻ ടെക്നിക്കൽ ഡയറക്ടറായ ശ്രീ എ.കെ ബാലസുബ്രഹ്മണ്യൻ
ടെക്നോളജി ഇന്നൊവേഷൻ എക്സലൻസിനും കോക്രെൽ ഫാമിലി എൻഡോവ്ഡ് ചെയറും ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ പ്രൊഫസറുമായ ഡോ. മാരുതി ആർ. അകെല്ലയ്ക്ക് അക്കാദമിക് എക്സലൻസിനും ഷോപ്പേഴ്സ് സ്റ്റോപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്രീ. വേണു നായർക്കു മാനേജീരിയൽ എക്സലൻസിനും ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും സഹസ്ഥാപകനുമായ ശ്രീ. മുസ്തഫ പി സിക്കു സംരംഭക മികവിനും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (എൽപിജി) ആയ ശ്രീ പി ജയദേവനു പൊതു സേവനങ്ങളിലെയും ജീവിതത്തിന്റെ മറ്റ് മേഖലകളിളെയും മികവിനും ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ത്രീ-വീലർ ബിസിനസ്) ശ്രീ നിർമ്മൽ എൻ ആർ ന് എമർജിംഗ് അലുംനി ലീഡർ അവാർഡും കൊച്ചിയിലുള്ള എസ്എസ് കൺസൾട്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ശ്രീ. ഷിലെൻ സഗുണൻ, മുംബൈയിലുള്ള ജോൺ മെക്ക്-എൽ ടെക്നോളജീസ് (പി) ലിമിറ്റഡ് മാനേജിങ് ഡയറക്ടറായ ശ്രീ ജോൺ ജോസഫ് എന്നിവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്മെന്റ് ആൻഡ് അൽമ മിറ്റർ സർവീസ് എക്സലൻസീനും പുരസ്കാരങ്ങൾ സമ്മാനിച്ചു.
എൻഐടിസിയുടെ 13 വകുപ്പുകളുടെ ഇന്നൊവേഷനുകളുടെയും ഗവേഷണ പ്രവർത്തനങ്ങളുടെയും പ്രദർശനം ‘സ്കൈലൈറ്റ്’ എന്ന പേരിൽ നടന്നു. വിവിധ ഡിപ്പാർട്ട്മെൻറുകളുടെ ശക്തിയും ഗവേഷണ ഫലങ്ങളും എക്സ്പോയിൽ പ്രദർശിപ്പിച്ചു.
