പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ.
53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവർക്കുളള മറുപടിയാണ് ഈ വിജയം എന്നും അച്ചു പറഞ്ഞു. ഉമ്മൻചാണ്ടി ഇവിടെ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നൽകിയത് എന്നും മകൾ കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി പിന്നിൽ നിന്നും നയിച്ച തെരഞ്ഞെടുപ്പാണിത്.ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മൻ അഭിപ്രായപ്പെട്ടു. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളം കയ്യിൽ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വന്‍ തരംഗം തീര്‍ത്ത് കൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍റെ വിജയ കുതിപ്പ്. കൗണ്ടിംഗ് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് ലീഡ് നില ഇരുപതിനായിരം കടന്നിരിക്കുകയാണ്. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം.

Leave a Reply

Your email address will not be published. Required fields are marked *