വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ വിവാദ പരാമര്‍ശം ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. സമൂഹ മാധ്യമങ്ങളിലടക്കം പരാമര്‍ശം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ഇത്. സെക്രട്ടറിയേറ്റില്‍ ജോസഫൈന്‍ വിവാദമുണ്ടാകാനിടയായ സാഹചര്യം വിശദീകരിക്കുമെന്നാണ് വിവരം. സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ ദോഷകരമായി ബാധിച്ച വിവാദത്തില്‍ സി പി എം നേതൃത്വം കടുത്ത അതൃപ്തിയിലാണ്.
വിഷയത്തില്‍ ജോസഫൈന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍േ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. സിപിഎമ്മും ജോസഫൈനെ ന്യായീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇടത് ആഭിമുഖ്യമുള്ളവരില്‍ നിന്നുപോലും വിമര്‍ശനം നേരിട്ട വിഷയത്തില്‍ ജോസഫൈനെതിരെ നടപടി വേണമെന്നാണ് ചില സി പി എം നേതാക്കളുടെയടക്കം ആവശ്യം. തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ അധ്യക്ഷ പങ്കെടുത്തതിലും പാര്‍ട്ടിക്കുള്ളില്‍ എതിരഭിപ്രായമുണ്ട്. ജോസഫൈന് പറയാനുള്ളത് കേട്ടശേഷമാകാം പാര്‍ട്ടി നിലപാട് പരസ്യമാക്കുന്നത് എന്നാണ് നേതാക്കള്‍ ഇന്നലെ പറഞ്ഞത്.
കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ സിപിഎം ജോസഫൈനെതിരെ കടുത്ത തീരുമാനത്തിലേക്ക് പോകുമോ എന്നതാണ് നിര്‍ണ്ണായകം. അടുത്ത വര്‍ഷം മെയ് വരെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ കാലാവധി. മുന്‍പുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് പ്രതികരണങ്ങളില്‍ കരുതല്‍ വേണമെന്ന ശക്തമായ നിര്‍ദ്ദേശം നിലനില്‍ക്കെ സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം വീണ്ടും പരിധി വിട്ടതോടെ പാര്‍ട്ടിയും വെട്ടിലായിരിക്കുകയാണ്.
ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സംഭവം കൂടുതല്‍ ചര്‍ച്ചയാക്കേണ്ടയെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. മുതിര്‍ന്ന വനിതാ നേതാവ് കൂടിയായ ജോസഫൈന്‍ വനിത കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് നിരന്തരമായി നടത്തുന്ന പല പരാമര്‍ശങ്ങളും മുന്നണിക്കാകെ തലവേദനയാകുന്നുവെന്നാണ് ഘടകക്ഷി നേതാക്കളും പറയുന്നത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിക്കുന്ന പുരോഗമന നിലപാടുകളെ ചോദ്യം ചെയ്യുന്നതിന് അവസരമുണ്ടാക്കുന്ന പ്രതികരണങ്ങള്‍ മുമ്പും ജോസഫൈന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ കാലാവധി അവസാനിക്കാറായതിനാലും അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ളതിനാലും കടുത്ത തീരുമാനങ്ങളിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും പോവില്ലെന്നാണ് വിവരം. എന്നാല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് രണ്ടാമൂഴം എം സി ജോസഫൈന് ഇനി ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
അതേസമയം വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈനെതിരെ കോണ്‍ഗ്രസ് വഴി തടയല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരന്റെ ആദ്യ സമരപ്രഖ്യാപനം ആണിത്. ഇതാദ്യമായല്ല ജോസഫൈനില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നതെന്നും ഇനിയും വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് അവരെ തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം പ്രഖ്യാപിച്ചു കൊണ്ട് സുധാകരന്‍ പറഞ്ഞിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ ഇടത് സഹയാത്രികരും കടുത്ത വിമര്‍ശനമാണ് ജോസഫൈനെതിരെ ഉയര്‍ത്തുന്നത്. പി കെ ശശിക്ക് എതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ പാര്‍ട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന ജോസഫൈന്റെ പരാമര്‍ശവും വിവാദമായിരുന്നു. 89വയസ്സുള്ള സ്ത്രീക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പരാതിയറിച്ചവരോട് മോശമായി പെരുമാറിയതിലും ജോസഫൈന്‍ ആക്ഷേപം നേരിട്ടിട്ടുണ്ട്.
