ലിസ്ബൺ: 2023ൽ ഏറ്റവുമധികം ഗോൾ നേടിയ ഫുട്ബോളറെന്ന നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ വർഷം 40 ഗോൾ പൂർത്തിയാക്കിയ താരം 12ാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാലണ്ടിനെ (39) പിന്തള്ളിയാണ് 38കാരനായ ഇതിഹാസത്തിന്റെ അമ്പരപ്പിക്കുന്ന മുന്നേറ്റം. 2010ൽ ആദ്യമായി 40 ഗോൾ പിന്നിട്ട ക്രിസ്റ്റ്യാനോക്ക്, ശേഷം 2019ലും 2022ലും മാത്രമാണ് അതിന് കഴിയാതിരുന്നത്.

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ രണ്ട് ഗോൾ സ്വന്തം പേരിൽ ചേർത്താണ് താരം പുതിയ നേട്ടത്തിലെത്തിയത്. അഞ്ചാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോയാണ് പോർച്ചുഗൽ ഗോൾവേട്ട തുടങ്ങിയത്. 17 മിനിറ്റിന് ശേഷം ഒരു തവണ കൂടി വല കുലുക്കി.

രാജ്യത്തിന് വേണ്ടി 2023ൽ ഏഴു മത്സരങ്ങളിൽ കളത്തിലിറങ്ങിയ റൊണാൾഡോ ഒമ്പത് ഗോളാണ് അടിച്ചുകൂട്ടിയത്. അൽ നസ്റിന്​ വേണ്ടി 36 മത്സരങ്ങളിൽ 31 ഗോളും നേടി. യൂറോ കപ്പ് യോഗ്യത റൗണ്ടിൽ എട്ട് മത്സരങ്ങളിൽ എട്ടും ജയിച്ച് 24 പോയന്റുമായി ഗ്രൂപ്പ് ‘ജെ’യിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പോർച്ചുഗൽ.

Leave a Reply

Your email address will not be published. Required fields are marked *