നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് 6 കോടി രൂപയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും പിഴയടയ്ക്കണമെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവ്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പ്രതികൾക്ക് ആകെ 66.60 കോടി രൂപയാണു പിഴ ചുമത്തിയത്.
2020 ജൂലൈ 5നു തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്നു 14.82 കോടി രൂപ വിലവരുന്ന 30.245 കിലോഗ്രാം കള്ളക്കടത്തു സ്വർണം പിടിച്ചെടുത്ത കേസിലാണ് ഉത്തരവ്. യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി, പി.എസ്.സരിത്, സന്ദീപ് നായർ, കെ.ടി.റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴയടയ്ക്കണം.
