കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്ന രീതിയെകുറിച്ച് മന്ത്രിയുടെ വിശദീകരണം അടിസ്ഥാനരഹിതമെന്ന് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രംഗത്ത്. കോവിഡ് ഒന്നാം തരംഗത്തിലും, രണ്ടാം തരംഗത്തിലും മരിച്ചവരുടെ കണക്ക് പുനപരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചു. മരണം കൊവിഡ് മൂലം സംഭവിച്ചതാണെന്ന് സ്ഥിരീകരിക്കേണ്ടത് 24 മണിക്കൂറെങ്കിലും രോഗിയെ ചികിത്സിച്ച ഡോക്ടറായിരിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇപ്പോള്‍ ഐസിയു ബെഡില്‍ക്കിടന്ന് മരിച്ചാല്‍പ്പോലും അത് കൊവിഡ് മരണമാകാത്ത രീതിയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു.

പ്രതിപക്ഷനേതാവിൻ്റെ വാക്കുകൾ –

കൊവിഡ് മരണങ്ങൾ നിശ്ചയിക്കാൻ ഐസിഎംആർ മാനദണ്ഡങ്ങളാണ് അടിസ്ഥാനമെന്ന ആരോഗ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണ്. കേരളം മാനദണ്ഡങ്ങൾ പാലിച്ചില്ല. കൊവിഡ് മൂലമുള്ള നിരവധി മരണങ്ങൾ കണക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഐ.സി.യു ബെഡിൽ കിടന്നു മരിച്ചത് പോലും കൊവിഡ് മരണമായി കണക്കാക്കിയില്ല. കൊവിഡിലെ ആരോഗ്യഡാറ്റ കൃത്രിമം ആയി ഉണ്ടാക്കുകയാണ് സർക്കാർ.

കൊവിഡ് മരണങ്ങളെ പട്ടികപ്പെടുത്താൻ കൊണ്ടുവന്ന പുതിയ ജില്ലാതല സമിതിയെ കുറിച്ചുള്ള വിയോജിപ്പുകളിൽ നടപടിയെടുക്കാനും സർക്കാർ തയ്യാറായില്ല. സർക്കാറിന് ഇക്കാര്യത്തിൽ ദുരഭിമാനം വേണ്ട. സർക്കാർ അല്ല കോവിഡ് വ്യാപനത്തിലെ കുറ്റക്കാർ. ഇക്കാര്യത്തിൽ ക്രെഡിറ്റ് എടുക്കാൻ പോകാൻ സർക്കാർ നിൽക്കേണ്ട. നിയമപരമായി കിട്ടേണ്ട അനുകൂല്യങ്ങളിൽ നിന്ന് ആരേയും പുറത്തു പോകാൻ അനുവദിക്കില്ല. ഡാറ്റ സർക്കാർ എടുത്തില്ലെങ്കിൽ പ്രതിപക്ഷം ശേഖരിക്കും. കൊവിഡ് മരണപട്ടികയിൽ നിന്ന് ഒഴിവായ കേസുകൾ കണ്ടെത്തണം. പരാതികൾ വരാൻ സർക്കാർ കാത്തു നിൽക്കരുത്. സർക്കാർ തെറ്റു തിരുത്തണം

Leave a Reply

Your email address will not be published. Required fields are marked *