എരവന്നൂർ എയുപി സ്കൂളിൽ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ 7 പേർക്ക് പരിക്ക്.
എൻടിയു ഉപജില്ലാ ട്രഷററും സ്കൂളിലെ അധ്യാപികയുമായ സുപ്രീന, സുപ്രീനയുടെ ഭർത്താവ് ഷാജി, ഇതേ സ്കൂളിലെ മറ്റ് അധ്യാപകരായ പി.ഉമ്മർ, വീ.വീണ, കെ.മുഹമ്മദ് ആസിഫ്, അനുപമ, എം.കെ.ജസ്ല എന്നിവർക്കാണ് പരുക്കേറ്റത്. സുപ്രീനയെയും മകനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു മറ്റൊരു സ്കൂളിലെ അധ്യാപകനും എൻടിയു ജില്ലാ നേതാവുമായ ഷാജി. സ്റ്റാഫ് കൗൺസിൽ യോഗത്തിനിടെ ഹാളിലേക്ക് എത്തിയ ഷാജി ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി. എന്നാൽ, തങ്ങളെ ആക്രമിച്ചെന്ന് സുപ്രീനയും ഷാജിയും ആരോപിക്കുന്നു. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെ പരാതി ഉണ്ടായിരുന്നു. ഇതാണ്സംഘർഷത്തിലെത്തിയതെന്നും വിവരമുണ്ട്.
