യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകിയതോടെ സംസ്കരിച്ച മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം . കോഴിക്കോട് തോട്ടുമുക്കം പനമ്പിലാവിൽ പുളിക്കയിൽ തോമസ് (36) എന്ന തൊമ്മന്റെ മൃതദേഹമാണ് പിതാവ് നൽകിയ പരാതിയിൽ തിങ്കളാഴ്ച പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യുക . തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സെമിത്തേരിയിൽ വെച്ച്പോസ്റ്റ്മോർട്ടം നടത്താനാണ് അരീക്കോട് പോലീസിന്റെ തീരുമാനം. ഇത് സാധ്യമായില്ലെങ്കിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തും.
ഈ മാസം നാലിനാണ് ടിപ്പർ ലോറി ഡ്രൈവറായ തോട്ടുമുക്കം പനമ്പിലാവ് സ്വദേശി പുളിക്കയിൽ തോമസ് മരിച്ചത്.
സ്വാഭാവിക മരണമെന്ന നിലയിൽ പനമ്പിലാവ് സെന്റ് മേരീസ് ചർച് സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്തു .
തോമസും സുഹൃത്തുക്കളുമായി സംഘർഷം ഉണ്ടായിരുന്നുവെന്നും തോമസിന് കാര്യമായ പരിക്കേറ്റിരുന്നു എന്നും നാട്ടുകാർ കുടുംബത്തെ അറിയിച്ചത് സംസ്കാരത്തിന് ശേഷമാണ്. തുടർന്ന് പിതാവ് അരീക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർ നടപടികളുടെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നത്.
