തിരുവനന്തപുരം: പിജി ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഡോ. റുവൈസിന്റെ പിതാവ് ഒളിവില്‍. പൊലീസ് ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. കേസില്‍ പ്രതി റുവൈസിന്റെ വീട്ടുകാര്‍ക്കുള്ള പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഡോ.ഷഹ്നയുടെ മരണത്തിന് പിന്നാലെ സഹോദരന് ജാസിം നാസ നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
റുവൈസും പിതാവും നിരന്തരം സ്ത്രീധനത്തിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ പിതാവിനെയും കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. 14 ദിവസം റിമാന്‍ഡ് ചെയ്ത പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേസിലെ പ്രധാന തെളിവായ റുവൈസിന്റെയും ഷഹനയുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ അടക്കം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.
