കട്ടപ്പന: വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകത്തില്‍  പ്രതി അർജുനെ വെറുതെ വിട്ടു. കട്ടപ്പന കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്.

2021 ജൂണ്‍ 30നാണ് സംഭവം നടന്നത്. പ്രതി അര്‍ജുന്‍ അയല്‍വാസിയായ ആറ് വയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയിലായിരുന്നു പെണ്‍കുട്ടി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. പീഡനത്തിനിരയാക്കുമ്പോള്‍ ബോധരഹിതയായ പെണ്‍കുട്ടിയെ പ്രതി കഴുത്തില്‍ ഷാള്‍ മുറുക്കി ജനലില്‍ കെട്ടി തൂക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.എന്നാല്‍, നടന്നത് കൊലപാതകമാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഇതോടെയാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ വെറുതെ വിട്ടത്.

അര്‍ജുന്‍ പെണ്‍കുട്ടിയെ മൂന്ന് വയസുമുതല്‍ പീഡിപ്പിച്ചിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. അര്‍ജുന്‍ കുടുംബവുമായി അടുപ്പമുള്ള ആളായിരുന്നു . കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ അര്‍ജുന്റെ സംരക്ഷണത്തിലാണ് ഏല്‍പ്പിച്ചിരുന്നത്.

വിധിയറിഞ്ഞതോടെ കോടതിക്ക് പുറത്ത് കുട്ടിയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. നീതി നടപ്പായില്ലെന്ന് കുട്ടിയുടെ അമ്മയടക്കമുള്ളവര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *