കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ വൈറസ് ബാധയേത്തുടര്‍ന്ന് വീണ്ടും ആനക്കുട്ടി ചരിഞ്ഞു.അര്‍ജ്ജുന്‍ എന്ന കുട്ടിയാനയാണ് ഹെര്‍പ്പിസ് ബാധയേത്തുടര്‍ന്ന് ചരിഞ്ഞത്.

മഹാമാരി പോലെ ആനകളിൽ പടർന്നുപിടിക്കുന്നതാണ് ഹെർപിസ് വൈറസ്. ഇതുവരെ വാക്‌സിൻ കണ്ടു പിടിച്ചിട്ടില്ല. രക്ത കുഴലുകളുടെ ആവരണം നശിപ്പിക്കുന്ന വൈറസാണ് ഹെർപിസ്. തൊലി നശിക്കുമ്പോൾ രക്തം മാംസത്തിലേക്ക് നേരിട്ട് ഇറങ്ങുകയും ഇതോടെ ഓക്‌സിജൻ എടുക്കാനാവാതെ ആന മരണത്തിന് കീഴടങ്ങുകയാണ്. വൈറസ് ബാധയേറ്റാൽ കുട്ടിയാനകൾ 48 മണിക്കൂറിനിടെ ചാകുമെന്നാണ് വിവരം. വലിയ ആനകളിൽ ഇത് പനിയായി മാറുമെങ്കിലും ജീവൻ നഷ്ടപ്പെടില്ല. ഇവയുടെ തുമ്പിക്കയ്യിലൂടെ പുറത്തു വരുന്ന സ്രവങ്ങൾ വഴി വൈറസ് പടർന്ന് പിടിച്ചേക്കാം.

ആന പുനരധിവാസ കേന്ദ്രത്തില്‍ കുട്ടിയാനകള്‍ തുടര്‍ച്ചയായി ചരിയുന്ന സാഹചര്യത്തില്‍ നടപടിക്ക് വനംവകുപ്പ് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ പ്രത്യേക സംഘം രൂപീകരിച്ചുകൊണ്ട് ഹെര്‍പ്പിസ് വൈറസ് ബാധയെ ചെറുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് ആനകളിലേക്ക് വൈറസ് ബാധ പടരുന്നത് തടയുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന കുട്ടിയാന സംഘത്തിലെ ഒന്നരവയസ്സുകാരി ശ്രീക്കുട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് ചരിഞ്ഞത്. ആര്യങ്കാവ് അമ്പനാട് നിന്നും ഒരു മാസം പ്രായമുള്ളപ്പോഴാണ് ആനയെ വനംവകുപ്പിന് ലഭിച്ചത്. നടക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്ന ആനയ്ക്ക് ശ്രീക്കുട്ടി എന്ന പേരും നല്‍കിയാണ് കോട്ടൂരില്‍ കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *