കെ എം മാണി അഴിമതിക്കാരനാണെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ സുപ്രീംകോടതി പരാമര്‍ശത്തിൽ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിംഗ് സെക്രട്ടറിയുമായ എ വിജയരാഘവന്റെ മറുപടി തൃപ്തികരമെന്ന് ജോസ് കെ.മാണി. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലാണ് ജോസ് കെ മാണി ഇക്കാര്യം വ്യക്തമാക്കിയത്. യു ഡി എഫ് മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും യോഗത്തില്‍ ജോസ് കെ മാണി പറഞ്ഞു.
സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍ ഇക്കാര്യം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതായാണ് വിവരം. അഭിഭാഷകന്റെ നാക്കു പിഴയായി ഇതിനെ നിസാരവല്‍ക്കരിച്ചു കാണാനാകുമോ എന്ന് അംഗങ്ങള്‍ യോഗത്തില്‍ ചോദിച്ചു. എന്നാല്‍ സിപിഎമ്മിന്റെ വിശദീകരണം തൃപ്തികരമാണെന്നും കോണ്‍ഗ്രസും യുഡിഎഫും മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അത് തിരിച്ചറിയണമെന്നും ജോസ് കെ മാണി വ്യക്തമാക്കുകയായിരുന്നു. രാജ്യസഭ എംപി ഉള്‍പ്പടെയുളള കാര്യങ്ങളില്‍ സ്റ്റിയറിങ് കമ്മിറ്റിയില്‍ ചര്‍ച്ച നടന്നതായാണ് വിവരം. ഉച്ചയ്ക്ക് ശേഷം ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്നേക്കും.

മാണി അഴിമതിക്കാരനാണെന്ന് കോടതിയിൽ പറഞ്ഞിട്ടില്ലെന്നും വിവാദം മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും എ. വിജയരാഘവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബാർ കോഴ വ്യക്തിപരമായി കെ എം മാണി നടത്തിയ അഴിമതിയല്ലെന്ന് പറഞ്ഞ് മാണിക്ക് സി പി എം ക്ലീൻ ചിറ്റും നൽകി.

Leave a Reply

Your email address will not be published. Required fields are marked *