ബംഗ്ലാദേശില്‍ ജ്യൂസ് ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ വന്‍ ആള്‍നാശം. കുറഞ്ഞത് 52 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മരണസംഖ്യ ഉയര്‍ന്നേക്കും. ഗുരുതരമായി പരിക്കേറ്റ 30 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജീവനക്കാരുടെ ബന്ധുക്കള്‍ ഉറ്റവരെ കുറിച്ച് അറിയുന്നതിന് ആകാംക്ഷയോടെ ഫാക്ടറിക്ക് മുന്നില്‍ കാത്തുനില്‍ക്കുകയാണ്.

തലസ്ഥാനമായ ധാക്കയ്ക്ക് വെളിയില്‍ രൂപ്ഗഞ്ചിലെ ഹാഷീം ഫുഡ് ആന്റ് ബിവറേജസ് ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ തീപിടിത്തം മണിക്കൂറുകളോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്.

തീപ്പിടിത്ത സമയത്ത് ഫാക്ടറിയുടെ മുന്‍വശത്തെ ഗേറ്റും എക്സിറ്റും പൂട്ടികിടക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികളും ബന്ധുക്കളും ആരോപിച്ചു. ഫാക്ടറിയില്‍ ശരിയായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണമുയര്‍ന്നു.

രക്ഷപ്പെടാനായി നിരവധി തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് എടുത്ത് ചാടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫാക്ടറി കെട്ടിടത്തിലെ തീ പതിനെട്ടോളം അഗ്‌നിശമനസേനാ യൂണിറ്റുകള്‍ ഏറെ പാടുപ്പെട്ടാണ് അണച്ചതെന്ന് പോലീസ് അറിയിച്ചു.

തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കുറച്ച് സമയമെടുക്കുമെന്നു അതിന് ശേഷം മാത്രമേ കൃത്യമായ നാശനഷ്ടം കണക്കാക്കാന്‍ സാധിക്കൂവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *