കോഴിക്കോട്: ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ ഏക സിവില്‍ കോഡ് പരാമര്‍ശത്തില്‍ പ്രതികരിച്ച് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നടത്തുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമമാണെന്നാണ് പിഎംഎ സലാം പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ തെരഞ്ഞെടുപ്പു കാലത്ത് ബിജെപി പതിവായി നടത്തുന്നതാണ്. ജനങ്ങള്‍ ഇതുതിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം കോട്ടക്കലില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായായിരുന്നു സലാമിന്റെ പ്രതികരണം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന പദയാത്ര കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. കെ റയില്‍ വരുമെന്ന് പറയുന്നതുപോലെയല്ല ഏക സിവില്‍ കോഡ് വാഗ്ദാനമായിട്ടു വരുമെന്നും അത് നടപ്പിലാക്കുമെന്നുമായിരുന്നു പ്രസംഗം.
