അങ്കമാലി: മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് പ്രതിയുടെ സഹോദരന്‍ ശിവന്‍, ഇയാളുടെ ഭാര്യ വല്‍സല , മകള്‍ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 ഫെബ്രുവരി 12 നായിരുന്നു കൊലപാതകം. കൊലപാതകം, കൊലപാതക ശ്രമം, ആയുധമുപയോഗിച്ചുള്ള ആക്രമണം അടക്കം പ്രതിക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍ തെളിഞ്ഞുവെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിക്രൂരമായി ഒന്നിനുപിറകേ മറ്റൊന്ന് എന്ന രീതിയിലാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നും വൈരാഗ്യബുദ്ധി സൂക്ഷിക്കുന്ന പ്രതിക്ക് മാനസാന്തര സാധ്യത ഇല്ലായെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി പറഞ്ഞു. സ്മിതയെ കൊലപ്പെടുത്തിയ രീതി ഭയാനകമായിരുന്നു. 35ഓളം വെട്ടുകളാണ് സ്മിതയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതക രീതി കണക്കിലെടുത്താണ് ബാബുവിന് വധശിക്ഷ വിധിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ജ്യേഷ്ഠ സഹോദരനെയും ഭാര്യയേയും മകളേയും ബാബു വെട്ടിക്കൊലപ്പെടുത്തിയത്. കൊലപതാകത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *