കേരളത്തിലെ വിവിധ മേഖലകളില്‍ കനത്ത മഴ.ബംഗാൾ ഉൾക്കടലിന് പിന്നാലെ അറബിക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.

യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ജൂലൈ 13: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോഡ്.
  • ജൂലൈ 14: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോഡ്.
  • ജൂലൈ 15: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ്.
  • ജൂലൈ 16: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോഡ്.

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒന്‍പത് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.
നാളെ സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 65 കി.മി വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ നിന്ന് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലാക്രമണ ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ എല്ലാ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പുലര്‍ച്ചെ മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ എറണാകുളം ജില്ലയില്‍ വ്യാപക നാശനഷ്ടമുണ്ടായി. മലയോര പ്രദേശമായ മഴുവന്നൂരില്‍ നിരവധി മരങ്ങള്‍ വീടികളുടെ മുകളിലേക്ക് മറിഞ്ഞുവീണു.

ഇന്ന് പുലർച്ചെ ഉണ്ടായ ചുഴലിക്കാറ്റിൽ എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടായി. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീർക്കോട് പ്രദേശങ്ങളിൽ വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ പലതും കടപുഴകി വീണു. കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിൽ മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *