കുമളി: സംസ്ഥാനത്ത് അടുത്ത ഒരു വര്‍ഷം കൊണ്ട് പാല് ഉത്പാദനത്തില്‍ നൂറു ശതമാനം സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അണക്കരയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷകസംഗമം പടവ് 2024ന്റെ ഭാഗമായുള്ള ഡയറി എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ലക്ഷ്യം നേടുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. മുഖാമുഖം പോലുള്ള പരിപാടികളിലൂടെ ക്ഷീര കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കിയാണ് സര്‍ക്കാര്‍ മുന്നേറുന്നത്. അത്പോലെ അന്യസംസ്ഥാനത്ത് നിന്നെത്തുന്ന തീറ്റകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ഇതിനായി നിയമസഭയില്‍ ബില്ല് പാസാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സുരക്ഷിതമല്ലാത്തവ വിതരണം ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനി അത് സമയബന്ധിതമായി നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത് . ഇവ കൃത്യതയോടെ പ്രാവര്‍ത്തികമാക്കുനതിനായി, ബില്ലുകള്‍ നിലവിലുള്ള മറ്റു സംസ്ഥാനങ്ങളെ, മാതൃകകളാക്കി പഠിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരവികസന വകുപ്പിലെയും ക്ഷീര സംഘത്തിലെയും ജീവനക്കാരുടെ കലാസന്ധ്യ എം എം മണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. വാഴൂര്‍ സോമന് എം എല്‍ എ അധ്യക്ഷത വഹിച്ചു.
പാലുല്പാദനത്തില് സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ , പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ രീതികള്‍ , മേഖലയിലെ പുതിയ മാറ്റങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. പരിപാടിയില്‍ 5000 ത്തോളം ക്ഷീരകര്‍ഷകരാണ് പങ്കെടുക്കുക.
ഉദ്ഘാടന യോഗത്തില്‍ ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ ഫിലിപ്പ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
