കോട്ടയം: എഐ കാമറകളെ പറ്റിക്കാന്‍ പലരും പല ശ്രമങ്ങളും നടത്തുന്നു. ക്യാമറയെ കബളിപ്പിക്കാന്‍ സഹയാത്രികന്റെ കോട്ടിനുള്ളില്‍ തലയിട്ട് യാത്ര ചെയ്ത് പറ്റിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളാണ് മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ചിരിക്കുന്നത്. ബൈക്കില്‍ യാത്ര ചെയ്തയാളുടെ ചിത്രം സഹിതം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
എംവിഡി കേരളയുടെ കുറിപ്പ്:
പാത്തും പതുങ്ങിയും നിര്‍മിതബുദ്ധി ക്യാമറയെ പറ്റിക്കാന്‍ പറ്റിയേക്കാം. ജീവന് രക്ഷിക്കാന്‍ ഈ ശീലം മാറ്റിയേ പറ്റൂ. തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടെയോ ഉപദേശം കേട്ട് കൂട്ടുകാരന്റെ ജാക്കറ്റിനകത്തു തല മൂടി പോയതാണ്. അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല. പക്ഷേ, ക്യാമറ വിട്ടില്ല. കാലിന്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടീസും വിട്ടു. കാലന് എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തല്ക്കാലം കാലിന്റെ എണ്ണമെടുത്തത്. തല കുറച്ച് കാറ്റ് കൊള്ളട്ടെ. അല്പം വെളിവ് വരാന്‍ അതല്ലേ നല്ലത്?